International

ഖത്തറില്‍ സെപ്തംബര്‍ ഒന്ന് മുതല്‍ സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകള്‍ തുറക്കും

കോവിഡ് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും വിദ്യാലയങ്ങള്‍ തുറക്കുക


ഖത്തറില്‍ സര്‍ക്കാര്‍ സ്വകാര്യ സ്കൂളുകള്‍ സെപ്തംബര്‍ ഒന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. കോവിഡ് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും വിദ്യാലയങ്ങള്‍ തുറക്കുക. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് ഖത്തറിലെ സര്‍ക്കാര്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചത്.

തുടര്‍ന്ന് ഒരു മാസത്തിന് ശേഷം ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങി. കഴിഞ്ഞ മാസത്തോടെ വേനലവധിക്കായി സ്കൂളുകള്‍ അടച്ചു. അവധി കഴിഞ്ഞ് സെപ്തംബര്‍ ഒന്നിന് മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാര്‍ത്ഥികളെ നേരിട്ട് പ്രവേശിപ്പിച്ച് അധ്യയനം പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അധ്യാപകരുള്‍പ്പെടെയുള്ള സ്കൂള്‍ ജീവനക്കാര്‍ ഓഗസ്റ്റ് 19 ന് തന്നെ ഹാജരാകണം.

മുഴുവന്‍ കോവിഡ് മുന്‍കരുതല്‍ നിര്‍ദേശങ്ങളും കര്‍ശനമായി പാലിച്ചുകൊണ്ടാകും സ്കൂളുകളില്‍ അധ്യയനം നടക്കുക. ഇതുമായി ബന്ധപ്പെട്ട് സ്കൂള്‍ മാനേജ്മെന്‍റുകളുമായും അധികൃതരുമായും നിരന്തര ആശയവിനിമയം നടത്തിവരുന്നുണ്ടെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. കോവിഡ് നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി നീക്കുന്നതിന്‍റെ അവസാനത്തെ പടിയായാണ് ഖത്തറില്‍ സ്കൂളുകള്‍ തുറക്കുന്നത്. രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങളും സെപ്തംബറോടെ പ്രവര്‍ത്തനം പുനരാരംഭിക്കും