കോവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാ പൊതു- സ്വകാര്യ സ്‌കൂളുകളും ഈ അധ്യയന വര്‍ഷത്തില്‍ അടച്ചിടുമെന്ന് ഗവര്‍ണര്‍ ഫില്‍ മര്‍ഫി അറിയിച്ചു
കോവിഡ് മഹാമാരി ഏറ്റവും കൂടുതല്‍ നാശം വിതച്ച സ്ഥലങ്ങളിലൊന്നാണ് അമേരിക്കയിലെ ന്യൂജഴ്സി. 7,910 പേരാണ് ഇവിടെ കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാ പൊതു- സ്വകാര്യ സ്‌കൂളുകളും ഈ അധ്യയന വര്‍ഷത്തില്‍ അടച്ചിടുമെന്ന് ഗവര്‍ണര്‍ ഫില്‍ മര്‍ഫി അറിയിച്ചു. 1.4 ദശലക്ഷം കുട്ടികളെ വീട്ടിലിരുത്തി പഠിപ്പിക്കുന്നത് തുടരും. “ഞങ്ങളുടെ കുട്ടികളുടെയും ഞങ്ങളുടെ അദ്ധ്യാപകരുടെയും അവരുടെ കുടുംബങ്ങളുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനായി ഈ അധ്യയന വര്‍ഷത്തില്‍ എല്ലാ സ്കൂളുകളും അടച്ചിടുമെന്ന് ഗവര്‍ണര്‍ ട്വിറ്ററില്‍ കുറിച്ചു. സ്വകാര്യ സ്കൂളുകൾക്കും ഈ ഉത്തരവ് ബാധകമാണെന്ന് അദ്ദേഹം പറഞ്ഞു. കുറഞ്ഞത് ജൂൺ 30 വരെ ഈ സ്കൂളുകള്‍ അടച്ചിരിക്കണം.
കഴിഞ്ഞ വാരാന്ത്യത്തില്‍ പാര്‍ക്കുകളും ഗോള്‍ഫ് കോഴ്സുകളും വീണ്ടും തുറക്കുന്നതിലൂടെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള ആദ്യ പ്രധാന നടപടി സ്വീകരിച്ചിരുന്നു. പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയത് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ 45 മരണങ്ങളും 1,621 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വാരാന്ത്യത്തില്‍ സംസ്ഥാന കമ്പ്യൂട്ടര്‍ സിസ്റ്റങ്ങളെ ബാധിച്ച തകരാര്‍ കാരണം വിവരങ്ങള്‍ അപൂര്‍ണ്ണമാണെന്ന് ഗവര്‍ണര്‍ മര്‍ഫി പറഞ്ഞു.