International

സൌദിയില്‍ തുറമുഖങ്ങളിലും സ്വദേശിവൽക്കരണം

സൗദിയിലെ തുറമുഖങ്ങളിലും സ്വദേശിവൽക്കരണ പദ്ധതി പ്രഖ്യാപിച്ചു. ആദ്യ ഘട്ടത്തിൽ തുറമുഖങ്ങളിൽ പ്രവർത്തിക്കുന്ന നാല് കമ്പനികളിൽ പദ്ധതി നടപ്പിലാക്കും. ഇരുപത്തി മൂന്ന് തൊഴിൽ മേഖലകൾ പദ്ധതിയിലൂടെ സൗദിവൽക്കരിക്കുകയാണ് ലക്ഷ്യം.

സൗദി പോർട്‌സ് അതോറിറ്റിയും, മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയവും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്താകമാനമുള്ള തുറമുഖങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികളിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ജിദ്ദ ഇസ്ലാമിക് പോർട്ടിലെ നാല് കമ്പനികളിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുക. റെഡ് സീ ഗേറ്റ് വേ ടെർമിനൽ, ദുബായ് പോട്‌സ് വേൾഡ്, സാമിൽ ഓഫ്‌ഷോർ സർവ്വീസസ്, മൻസൂർ അൽ മുസാഅദ് ട്രേഡിംഗ് ആന്റ് കോൺട്രാക്ടിംഗ് എന്നീ കമ്പനികളിലാണ് പദ്ധതിയുടെ തുടക്കം. ഈ കമ്പനികളിലെ 23 തൊഴിൽ മേഖലകളിലെ മുന്നൂറിലേറെ തൊഴിലുകൾ ആദ്യഘട്ടത്തിൽ സൗദിവൽക്കരിക്കും.

ഗതാഗത ലോജിസ്റ്റിക് മേഖലയിൽ 45,000 തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ മാനവശേഷി വികസന മന്ത്രാലയവും ഗതാഗത മന്ത്രാലയവും തമ്മിൽ നേരത്തെ ധാരണയുണ്ടായിരുന്നു. ഇതിന്‍റെ ഭാഗമായാണ് പുതിയ സൗദിവൽക്കരണ പദ്ധതി. നിലവിൽ മലയാളികളുൾപ്പെടെ നിരവധി വിദേശികൾ ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്.