International

സൗദിയിലേക്കുള്ള കര, വ്യോമ, നാവിക അതിർത്തികൾ വീണ്ടും അടച്ചു

സൗദി അറേബ്യ കര, നാവിക, വ്യോമ അതിര്‍ത്തികള്‍ വീണ്ടും അടച്ചു. ഒരാഴ്ചത്തേക്കാണ് അടച്ചത്. ആവശ്യമെങ്കില്‍ വീണ്ടും വിലക്ക് തുടരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡിന്റെ പുതിയ രൂപം വിവിധ രാജ്യങ്ങളില്‍ പടരുന്ന പശ്ചാത്തലത്തിലാണിതെന്നും രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണിതെന്നും ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചു.

സൗദിയിൽനിന്ന് വിദേശത്തേക്കും വിദേശരാജ്യങ്ങളിൽനിന്ന് സൗദിയിലേക്കും ഒരാഴ്ചത്തേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള മന്ത്രാലയ ഉത്തരവിൽ പറയുന്ന കാര്യങ്ങൾ ഇവയാണ്.

1. ഒരാഴ്ചത്തേക്ക് മുഴുവൻ അന്താരാഷ്ട്ര വിമാന സർവീസുകളും റദ്ദാക്കി. ആരോഗ്യ പ്രവർത്തകർക്കടക്കമുള്ള അത്യാവശ്യ ഘട്ടങ്ങളിലുള്ള യാത്രകൾ അനുവദിക്കും. ഒപ്പം, നിലവിൽ സൗദിയിലെത്തിയ വിദേശ വിമാനങ്ങൾക്ക് തിരിച്ചുപോകാം.

2. ജല മാർഗവും, റോഡ് അതിർത്തികൾ വഴിയുള്ള യാത്രയും അടുത്ത ഒരാഴ്ചത്തേക്ക് റദ്ദാക്കി. ആവശ്യമെങ്കിൽ ഒരാഴ്ച കൂടി തുടരും.

3. യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് ഡിസംബർ 8ന് ശേഷം സൗദിയിൽ എത്തിയവർ രണ്ടാഴ്ച ക്വാറന്റൈനിൻ കഴിയണം. ക്വാറന്റൈൻ സമയം ഓരോ അഞ്ചുദിവസം കോവിഡ് ടെസ്റ്റ് ചെയ്യണം.

4. യൂറോപ്പിൽ കഴിഞ്ഞ മൂന്നു മാസത്തിനിടെ സന്ദർശനം നടത്തിയവരും  കോവിഡ് ടെസ്റ്റിന് വിധേയരാവണം.

5. ചരക്ക് നീക്കവും വൈറസ് ബാധയില്ലാത്ത രാജ്യങ്ങളിലേക്കുള്ള സഹായ വിതരണവും തടസ്സമില്ലാതെ തുടരും. 

6. നടപടികള്‍ പുനഃപരിശോധിക്കാന്‍ ആരോഗ്യമന്ത്രാലയത്തിന് അധികാരമുണ്ടായിരിക്കും.