International

സൗദിയില്‍ നിന്ന് ഏഴ് രാജ്യങ്ങളിലേക്ക് യാത്രക്ക് സ്വദേശികള്‍ക്കും വിദേശികള്‍ക്കും വിലക്ക്; ഇന്നു മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും

കൊറോണ പശ്ചാത്തലത്തില്‍ യാത്രാ വിലക്കുള്ള ഏഴ് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്ല

സൌദി അറേബ്യയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അനിശ്ചിത കാലത്തേക്ക് അടച്ചു. യുഎഇ, കുവൈത്ത്, ബഹ്റൈന്‍ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളിലേക്ക് പോകുന്നതിന് സ്വദേശികള്‍ക്കും വിദേശികള്‍ക്കും വിലക്കേര്‍പ്പെടുത്തി. അറുന്നൂറോളം പേര്‍ നിരീക്ഷണത്തിലുള്ള സൌദിയില്‍ 11 പേര്‍ക്കാണ് ഇതു വരെ കൊറോണ സ്ഥിരീകരിച്ചത്.

അറുന്നൂറോളം പേരാണ് സൌദിയില്‍ കൊറോണ സംശയത്തിന്‍റെ പേരില്‍ നിരീക്ഷണത്തിലുള്ളത്. ഇവരുടെ ഇതുവരെ വന്നെ ഫലങ്ങളെല്ലാം നെഗറ്റീവാണ്. സൌദിയിലെ സ്കൂളുകളിലൊന്നും തന്നെ കൊറോണ വൈറസ് ബാധയുണ്ടായിട്ടില്ല. എന്നാല്‍ മുന്‍ കരുതലിന്റെ ഭാഗമായി സര്‍വകലാശാലകള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് മുതല്‍ അനിശ്ചിത കാലത്തേക്ക് അടച്ചു. ദമ്മാം ഇന്ത്യന്‍ സ്കൂളില്‍ സിബിഎസ്ഇ പരീക്ഷ നിശ്ചയിച്ച പ്രകാരം നടക്കും. ക്ലാസുകള്‍ മുടങ്ങുന്നത് തടയാന്‍ വിദൂര പഠന ക്ലാസുകള്‍ മന്ത്രാലയത്തിന് കീഴില്‍ നടക്കും. പള്ളികളിലെ പഠന ക്ലാസുകളും റദ്ദാക്കി.

കൊറോണയുടെ പശ്ചാത്തലത്തില്‍ യുഎഇ, ബഹ്റൈന്‍, കുവൈത്ത്, ലബനാന്‍, സിറിയ, സൌത്ത് കൊറിയ, ഈജിപ്ത്, ഇറ്റലി, ഇറാഖ് എന്നീ രാജ്യങ്ങളിലേക്ക് സൌദിയിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും യാത്രക്ക് വിലക്കേര്‍പ്പെടുത്തി. കൊറോണ പശ്ചാത്തലത്തില്‍ യാത്രാ വിലക്കുള്ള ഏഴ് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്ല. കൊറോണ സ്ഥിരീകരിച്ച കിഴക്കന്‍ പ്രവിശ്യയിലെ ഖതീഫിലേക്കുള്ള വഴികളെല്ലാം അടച്ചിട്ടുണ്ട്.