International

നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് ആശ്വാസം; ഇഖാമ, റീഎന്‍ട്രി കാലാവധികള്‍ നീട്ടി നല്‍കി സൌദി അറേബ്യ

സെപ്തംബര്‍ ഒന്നിനും മുപ്പതിനും ഇടയില്‍ റീ എന്‍ട്രി കാലാവധി അവസാനിക്കുന്നവരുടെ ഇഖാമാ കാലാവധിയാണ് ദീര്‍ഘിപ്പിച്ചത്

സെപ്തംബര്‍ ഒന്നിനും മുപ്പതിനും ഇടയില്‍ റീ എന്‍ട്രി കാലാവധി അവസാനിക്കുന്നവരുടെ ഇഖാമാ കാലാവധിയാണ് ദീര്‍ഘിപ്പിച്ചത്. സൌദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശ പ്രകാരമാണ് നടപടികള്‍. മാനവ വിഭവശേഷി മന്ത്രാലയവും നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററും സഹകരിച്ചാണ് ഇഖാമ കാലാവധി നീട്ടുന്ന നടപടി പൂര്‍ത്തിയാക്കുന്നത്.

സൌദിയില്‍ നിന്നും നാട്ടില്‍ പോകാനാകാതെ കുടുങ്ങിയവരുടെ റീഎന്‍ട്രി വിസാ കാലാവധിയും എക്സിറ്റ് വിസാ കാലാവധിയും നീട്ടി നല്‍കിയിട്ടുണ്ട്. നാട്ടിലുള്ളവരുടെ റീ എന്‍ട്രിയും സെപ്തംബര്‍ 30 വരെ നീട്ടിയിരുന്നു. ജവാസാത്ത് വിഭാഗമാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചത്. അതേ സമയം, വിമാന സര്‍വീസ് തുടങ്ങുന്നത് സംബന്ധിച്ച അന്തിമ തീരുമാനം വന്നിട്ടില്ല. നിലവില്‍ കരമാര്‍ഗം മാത്രം സൌദിയിലേക്ക് സ്വദേശികളെ തിരിച്ചു വരാന്‍ അനുവദിക്കുന്നുണ്ട്. വിദേശത്ത് കുടുങ്ങിയ സൌദി പൌരന്മാരെയും ബന്ധുക്കളേയും ആശ്രിതരേയും കൊണ്ടു വരാന്‍ പ്രത്യേക വിമാന സര്‍വീസുകളും സജ്ജമാണ്. ബാക്കിയുള്ള വിമാന സര്‍വീസുകള്‍ സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇതിനിടെ, സൌദിയില്‍ എല്ലാ വര്‍ഷവും നടക്കുന്ന ആഗോള നിക്ഷേപ സമ്മേളനം നിലവിലെ സാഹചര്യത്തില്‍ മാറ്റിയിട്ടുണ്ട്. ഒക്ടോബര്‍ 28-29 തിയതികളില്‍ നടക്കേണ്ട സമ്മേളനം ജനുവരി 26-28 തിയതികളിലേക്കാണ് മാറ്റിയത്. കോവിഡ് സാഹചര്യത്തിലാണ് നടപടി. നവമ്പറില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ ഭൂരിഭാഗം പേരും ഓണ്‍ലൈനായി പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.