ശതകോടീശ്വരനായ നിക്ഷേപകൻ ജോർജ്ജ് സോറോസിനെതിരെ വിമർശനവുമായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ജോർജ്ജ് സോറോസിനെ ന്യൂയോർക്കിൽ നിന്നുള്ള വൃദ്ധൻ പണക്കാരൻ അപകടകാരിയായ വ്യക്തി എന്ന് വിശേഷിപ്പിച്ച ജയശങ്കർ, ലോകം തൻ്റെ തീരുമാനങ്ങൾക്കൊത്ത് പ്രവർത്തിക്കണമെന്ന കാഴ്ചപ്പാടാണ് സോറോസിനുള്ളതെന്നും വിമർശിച്ചു.
ഇഷ്ടക്കാർ ജയിച്ചാൽ തെരഞ്ഞെടുപ്പ് നല്ലതാണെന്നും, ഫലം മറിച്ചാണെങ്കിൽ അത് മോശം ജനാധിപത്യമാണെന്നും ഇത്തരക്കാർ പറഞ്ഞു നടക്കും. ഇത്തരം ആളുകൾ അപകടകാരിയാണ്, ഇല്ലാകഥകൾ മെനയുന്നതിനും പ്രചരിപ്പിക്കുന്നതിനും ഇത്തരക്കാർ കോടികൾ ചെലവഴിക്കുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി കുറ്റപ്പെടുത്തി. ഓസ്‌ട്രേലിയൻ മന്ത്രി ക്രിസ് ബ്രൗണുമായി ഒരു സെഷനിൽ സംസാരിക്കുകയായിരുന്നു ജയശങ്കർ.
അദാനി-ഹിൻഡൻബർഗ് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശതകോടീശ്വരനായ നിക്ഷേപകൻ ജോർജ്ജ് സോറോസ് വിമർശനം ഉന്നയിച്ചതോടെ അദ്ദേഹം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ചുള്ള സോറോസിന്റെ പരാമർശത്തിൽ മോദി സർക്കാരിലെ മറ്റ് മന്ത്രിമാർ അതൃപ്തി പ്രകടിപ്പിച്ചു രംഗത്തുവരികയും ചെയ്തു. ഇതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന.