International

ഖത്തര്‍ തണുപ്പിലേക്ക്, ‘ശൈത്യകാല കാമ്പിങ്’ രജിസ്ട്രേഷന്‍ തുടങ്ങി

ചൂട് മാറി പതുക്കെ തണുപ്പിലേക്ക് കാലാവസ്ഥ മാറാന്‍ തുടങ്ങിയതോടെയാണ് ഖത്തറില്‍ ഈ വര്‍ഷത്തെ ശൈത്യ കാല കാമ്പിങിനുള്ള രജിസ്ട്രേഷന്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം ആരംഭിച്ചത്. മൂന്ന് ഘട്ടങ്ങളിലായാണ് ഇത്തവണത്തെ ശൈത്യ കാല കാമ്പിങ് നടക്കുക. ആദ്യ ഘട്ടം ഒക്ടോബര്‍ 13 മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് 28 വരെ. രണ്ടാം ഘട്ടം ഒക്ടോബര്‍ 16 മുതല്‍ അടുത്ത വര്‍ഷം ഏപ്രില്‍ നാല് വരെ. ഒക്ടോബര്‍ 20 മുതല്‍ ഏപ്രില്‍ എട്ട് വരെ നീളുന്നതാണ് മൂന്നാം ഘട്ടം.

ആദ്യ ഘട്ട കാമ്പിങിനായുള്ള രജിസ്ട്രേഷന്‍ പരിസ്ഥി മന്ത്രാലയം ആരംഭിച്ചു. മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് വഴിയോ സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനായ ഔന്‍ വഴിയോ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കാം.

അല്‍ ഷമാല്‍, അല്‍ ഗഷാമിയ, സീലൈന്‍, റാസ് മത്ബക്, അരിദ, സെക്രിത്ത്, അല്‍ നഖിയാന്‍, അല്‍ ഖറാറ, അഷിറജ്, അല്‍ സരിയ, ഉം അല്‍ മാ എന്നീ ഭാഗങ്ങളാണ് ആദ്യ ഘട്ട കാമ്പിങില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. രണ്ടാം ഘട്ട കാമ്പിങിലേക്കുള്ള രജിസ്ട്രേഷന്‍ ഒക്ടോബര്‍ 14 മുതലാണ് ആരംഭിക്കുക. അല്‍ റീം റിസര്‍വ്, അല്‍ മറോണ, അല്‍ മസ്റൂഹ, ഉം അല്‍ ആഫായ്, അല്‍ ഹഷം, അബൂ സഹ്ലോഫ്, അല്‍ സുബാറ, അല്‌ ഉബൈദ്, അല്‍ ഖുറൈജ് സൌത്ത്, ബൂ സംറ എന്നീ ഭാഗങ്ങളിലാണ് ഈ ഘട്ടത്തില്‍ കാമ്പിങിന് അനുവദിക്കുക. ഒക്ടോബര്‍ 20 മുതല്‍ അടുത്ത വര്‍ഷം ഏപ്രില്‍ എട്ട് വരെയുള്ള മൂന്നാം ഘട്ട കാമ്പിങിനായി അനുവദിക്കപ്പെട്ട ഭാഗങ്ങള്‍ റൌളത്ത് റഷീദ്, റൌളത്ത് ഐഷ, അല്‍ ഖോര്‍, അല്‍ വാബ്, ഇംഗൈത്ന, അല്‍ സനയ്യ, അല്‍റീസ് വെസ്റ്റ്, റാസ് അല്‍ നൌഫ്, അല്‍ മുഫൈര്‍ എന്നിവയാണ്. ഇതിലേക്കുള്ള രജിസ്ട്രേഷന്‍ ഒക്ടോബര്‍ 18 മുതല്‍ ആരംഭിക്കും.

25 വയസ്സിന് മുകളിലുള്ള ഖത്തരി സ്വദേശികള‍്ക്ക മാത്രമേ ശൈത്യ കാല കാമ്പിങിനായി രജിസ്റ്റര്‍ ചെയ്യാനാകൂ. അപേക്ഷിക്കുന്നവര്‍ കാമ്പിങ് ഫീസിന് പുറമെ മുന്‍കൂര്‍ സെക്യൂരിറ്റി തുകയായി 10000 റിയാല്‍ കെട്ടിവെക്കണം. കാമ്പിങ് സീസണ്‍ അവസാനിക്കുമ്പോള് ഈ പതിനായിരം റിയാല്‍ തിരിച്ചുനല്‍കും