International

ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നു; 24 മണിക്കൂറിനിടെ ബ്രസീലില്‍ മരിച്ചത് 750 പേര്‍

മെക്സിക്കോയില്‍ 350 ലേറെ പേരുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്

അമേരിക്കക്ക് പിന്നാലെ മറ്റ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും കോവിഡ് പ്രതിസന്ധി രൂക്ഷമാവുന്നു. ബ്രസീല്‍, മെക്സിക്കോ തുടങ്ങിയ വിവിധ രാജ്യങ്ങളിലായി രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും വലിയ വര്‍ധവവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ബ്രസീലില്‍ 750ല്‍ ഏറെ പേരും മെക്സിക്കോയില്‍ 350 ലേറെ പേരുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്.

ലോകത്തിന്റെ ഹോട്ട്സ്പോട്ടായി മാറിയ അമേരിക്കക്ക് പിന്നാലെ വിവിധ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്കും കോവിഡ് പിടിമുറുക്കുകയാണ്. രോഗ ബാധിതരുടെ എണ്ണത്തില്‍ ലോകത്ത് ആറാം സ്ഥാനത്താണ് ബ്രസീല്‍ എങ്കില്‍ പെറു പതിമൂന്നാമതും മെക്സിക്കോ പതിനെട്ടാമതും ചിലി ഇരുപതാം സ്ഥാനത്തുമുണ്ട്. കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മേഖലയിലെ 33 രാജ്യങ്ങളിലും ഇതിനോടകം രോഗ ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധവനാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ബ്രസീലില്‍ 750 ലേറെയും പെറുവില്‍ 100ല്‍ അധികവും മെക്സിക്കോയില്‍ 350ല്‍ അധികവും ആളുകള്‍ മരിച്ചു. മേഖലയിലെ ഈ മൂന്ന് രാജ്യങ്ങളില്‍ മാത്രമായി പത്തൊന്‍പതിനായിരത്തിലേറെ പേര്‍ ഇതുവരെ മരിച്ചപ്പോള്‍ മൂന്ന് ലക്ഷത്തി മുപ്പതിനായിരത്തിലേറെ രോഗികളുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം അര്‍ജന്റീന , ബൊളീവിയ , ക്യൂബ , തുടങ്ങിയ രാജ്യങ്ങളില്‍ നിലവിലെ സ്ഥിതി ആശങ്കാജനകമല്ലെങ്കിലും രോഗ വ്യാപനത്തിന്റെ തോത് അതിവേഗമാണ് ഉയരുന്നത്. മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികള്‍ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്ക് പോലും കാരണമായി മാറിയ ലാറ്റിനമേരിക്കയില്‍ രോഗവ്യാപനം തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ സ്ഥിതി കൂടുതല്‍ ദയനീയമായി മാറാനും സാധ്യതയുണ്ട്.