International

സൗദിയില്‍ നിന്നും നാട്ടില്‍ പോയവരുടെ റീ എന്‍ട്രി നീട്ടാന്‍ ഫീസടക്കണം; ഇഖാമ കാലാവധി അവസാനിച്ചവര്‍ക്ക് മൂന്ന് മാസം പുതുക്കി ലഭിച്ചു തുടങ്ങി

ഇതിനിടെ സൗദിയിലുള്ളവരുടെ ഇഖാമ കാലാവധി സൌജന്യമായി മൂന്ന് മാസത്തേക്ക് നീട്ടി നല്‍കുന്നുണ്ട്

സൗദിയില്‍ നിന്നും നാട്ടില്‍ പോയി വിമാനങ്ങള്‍ റദ്ദാക്കിയതോടെ തിരിച്ചു വരാനാകാത്ത വിദേശികളുടെ റീ എന്‍ട്രി ദീര്‍ഘിപ്പിക്കാന്‍ സൌകര്യം ഒരുങ്ങി. തൊഴിലാളികളുടേയും അവരുടെ ആശ്രിതരുടേയും റീ എന്‍ട്രികള്‍ അബ്ഷീര്‍ വഴിയാണ് പുതുക്കി ലഭിക്കുക. രണ്ട് നിബന്ധനകളാണ് ഇപ്പോള്‍ റീ എന്‍ട്രി പുതുക്കി ലഭിക്കാന്‍ ഉള്ളത്:

1. ഇഖാമ കാലാവധിയുള്ളവര്‍ക്കാണ് ഇപ്പോള്‍ റീ എന്‍ട്രി നീട്ടി ലഭിക്കുക. റീ എന്‍ട്രി ദീര്‍ഘിപ്പിക്കുന്ന കാലയളവ് വരെ ഇഖാമക്കും കാലാവധി ഉണ്ടായിരിക്കണം.

2. റീ എന്‍ട്രിയുടെ കാലാവധി അവസാനിച്ച് 60 ദിവസം പിന്നിടാന്‍ പാടില്ല.

3. റീ എന്‍ട്രി നീട്ടാന്‍ പണം അടക്കണം. സിംഗിൾ റീ എൻട്രിക്ക് 100 റിയാലാണ് ഫീസ്. മൾട്ടിപ്പ്ള്‍ എൻട്രിക്ക് 200 റിയാലാണ് അടക്കേണ്ടത്. ഇവ സദാദ് വഴി അടക്കാം. ഇതിന് ശേഷം അബ്ഷീര്‍ വഴിയാണ് റീ എന്‍ട്രി പുതുക്കേണ്ടത്. ഇതിനുള്ള രീതി താഴെ പറയും വിധമാണ്:

1. റീ എന്‍ട്രി പുതുക്കാനുള്ള ഫീസടച്ച ശേഷം അബ്ഷീറില്‍ ലോഗിന്‍ ചെയ്യണം.

2. അബ്ഷീറില്‍ സ്‌പോൺസറീസ് സർവീസസ് തെരഞ്ഞെടുക്കുക.

3. സ്‌പോൺസറീസ് സർവീസസ് എന്ന ഓപ്ഷനിലെ വിസ എക്സ്റ്റൻഷൻ സർവീസ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ഇതു വഴി റീ എന്‍ട്രി നീട്ടാം.

വിദേശത്തുള്ളവരുടെ ഇഖാമയുടെ കാലാവധി പുതുക്കി നൽകുമെന്ന് ജവാസാത്ത് അഥവാ പാസ്പോര്‍ട്ട് വിഭാഗം നേരത്തെ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടായേക്കും. ഇവര്‍ക്കും ഇതിന് ശേഷം റീ എന്‍ട്രി പുതുക്കാനുള്ള അവസരമുണ്ടാകുമെന്നാണ് പ്രതീക്ഷ.

ഇതിനിടെ സൗദിയിലുള്ളവരുടെ ഇഖാമ കാലാവധി സൌജന്യമായി മൂന്ന് മാസത്തേക്ക് നീട്ടി നല്‍കുന്നുണ്ട്. കഴിഞ്ഞ തവണ മൂന്ന് മാസത്തേക്ക് ഭൂരിഭാഗം പേര്‍ക്കും ഇഖാമ കാലാവധി സൌജന്യമായി നീട്ടി ലഭിച്ചിരുന്നു. അന്ന് നീട്ടി ലഭിക്കാത്തവര്‍ക്കാണ് ഇപ്പോള്‍ സൌജന്യമായി ഇഖാമ കാലാവധി നീട്ടി ലഭിക്കുന്നത്. ഈ വിഭാഗത്തിലെ ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്കും നീട്ടി ലഭിച്ചിട്ടുണ്ട്. എന്നാല്‍ നേരത്തെ മൂന്ന് മാസം നീട്ടി ലഭിച്ചവര്‍ക്ക് ആനുകൂല്യം വീണ്ടും ലഭിക്കുമോ എന്നതില്‍ വ്യക്തതയില്ല. ഇഖാമ കാലാവധി നീട്ടി നല്‍കുന്നത് സംബന്ധിച്ച് പുതിയ വിവരങ്ങളൊന്നും ജവാസാത്ത് പുറത്ത് വിട്ടിട്ടില്ല.