ബലാത്സംഗം അങ്ങേയറ്റം പൈശാചികമായ പ്രവൃത്തിയാണെങ്കിലും വധശിക്ഷ കൊണ്ട് അത് തടയാനാകില്ലെന്ന് യു.എന്‍ മനുഷ്യാവകാശ വിഭാഗം മേധാവി മിഷേല്‍ ബാഷേല്‍.
2012ല്‍ പതിനഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അഞ്ച് യുവാക്കള്‍ക്ക് ബംഗ്ലാദേശ് കോടതി വധശിക്ഷ വിധിച്ച പശ്ചാത്തലത്തിലാണ് മിഷേലിന്റെ പ്രതികരണം.
ബലാത്സംഗത്തിന് വധശിക്ഷ വിധിക്കുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിനുശേഷമുള്ള ആദ്യത്തെ ശിക്ഷയാണ് വിധിച്ചത്. ബംഗ്ലാദേശും പാകിസ്താനും നൈജീരിയയുമുള്‍പ്പെടെ ബലാത്സംഗത്തിന് വധശിക്ഷ പ്രഖ്യാപിച്ച നിരവധി രാജ്യങ്ങളെ സൂചിപ്പിച്ചുകൊണ്ടായിരുന്നു മിഷേലിന്റെ പ്രതികരണം.
വധശിക്ഷ ബലാത്സംഗത്തെ തടയുമെന്ന് കരുതാനാവില്ല. മിക്ക രാജ്യങ്ങളിലും ലൈംഗിക അതിക്രമത്തിന് ഇരയായവര്‍ക്ക് നീതി ലഭ്യമാവുന്നില്ല എന്നതാണ് പ്രധാന പ്രശ്നമെന്നും ഇതിന് നിരവധി ഘടകങ്ങള്‍ കാരണമാവുന്നുണ്ടെന്നും മിഷേല്‍ കൂട്ടിച്ചേര്‍ത്തു.