International

ഖത്തര്‍ പ്രവാസികള്‍ക്ക് ആശ്വാസം; റീ എന്‍ട്രി പെര്‍മിറ്റ് ഇനി അപേക്ഷിക്കാതെ തന്നെ ലഭിക്കും

വിസയുള്ളവര്‍ക്ക് ഖത്തറിലേക്ക് മടങ്ങിവരാന്‍ ആവശ്യമായ റീ എന്‍ട്രി പെര്‍മിറ്റ് നടപടികളില്‍ ഭേദഗതിയുമായി ഭരണകൂടം. ഖത്തര്‍ പോര്‍ട്ടല്‍ വെബ്സൈറ്റില്‍ സ്പോണ്‍സര്‍ നേരിട്ട് അപേക്ഷിച്ച് രണ്ടാഴ്ച കാത്തിരുന്നാല്‍ മാത്രമേ റീ എന്‍ട്രി പെര്‍മിറ്റ് ഇതുവര ലഭ്യമാകുമായിരുന്നുള്ളൂ. എന്നാല്‍ ഇനി മുതല്‍ താമസക്കാരന്‍ ഖത്തര്‍ വിടുമ്പോള്‍ തന്നെ അദ്ദേഹത്തിന് റീ എന്‍ട്രി പെര്‍മിറ്റ് ഓട്ടോമാറ്റിക്കായി ലഭിക്കും. ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്സൈറ്റില്‍ ‌നിന്ന് എവിടെ വെച്ചും ഈ റീ എന്‍ട്രി പെര്‍മിറ്റ് ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

എന്നാല്‍ നിലവില്‍ ഖത്തറിലുള്ളവര്‍ക്ക് മാത്രമേ ഈ രീതിയില്‍ ഓട്ടോമെറ്റിക് റീ എന്‍ട്രി പെര്‍മിറ്റ് ലഭിക്കൂ. നിലവില്‍ വിദേശത്തുള്ളവര്‍ക്ക് നേരത്തെ പോലെ ഖത്തര്‍ പോര്‍ട്ടല്‍ വെബ്സൈറ്റില്‍ അപേക്ഷ നല്കി കാത്തിരിക്കണം