2022 ലോകകപ്പ് ഫുട്ബോള്‍ പ്രചാരണത്തിന്‍റെ ഭാഗമായി ഖത്തര്‍ എയര്‍വേയ്സ് പ്രത്യേക വിമാനം പുറത്തിറക്കി. ലോകകപ്പിന്‍റെ ഔദ്യോഗിക എംബ്ലവും നിറവും ആലേഖനം ചെയ്ത വിമാനം ദോഹയില്‍ നിന്നും സൂറിച്ചിലേക്കാണ് സര്‍വീസ് നടത്തുക.
2022 ലോകകപ്പിലേക്കുള്ള കാത്തിരിപ്പ് രണ്ട് വര്‍ഷം മാത്രമായി ചുരുങ്ങിയതിന്‍റെ ഭാഗമായാണ് ഖത്തര്‍ എയര്‍വേയ്സ് ലോകകപ്പ് പ്രചാരണത്തിനായി പ്രത്യേക വിമാനം പുറത്തിറക്കിയത്. ഖത്തര്‍ ലോകകപ്പിന്‍റെ ഔദ്യോഗിക ലോഗോയും നിറവും പതിപ്പിച്ചുകൊണ്ടുള്ള യാത്രാ വിമാനം ഇന്ന് ദോഹ വിമാനത്താവളത്തില്‍ പറന്നിറങ്ങി.
ഫിഫ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സൂറിച്ചിലേക്കുള്ള സര്‍വീസാണ് ഈ വിമാനം നടത്തുക. ഖത്തര്‍ ലോകകപ്പിന്‍റെ ഔദ്യോഗിക എയര്‍ലൈന്‍ പങ്കാളി എന്ന നേട്ടം സ്വന്തമായതിന്‍റെ സന്തോഷം പുതുക്കുക കൂടി ലക്ഷ്യമാക്കിയാണ് ഈ നടപടിയെന്ന് കമ്പനി സിഇഒ അക്ബര്‍ അല്‍ ബേക്കിര്‍ പറഞ്ഞു. കൂടുതല്‍ യാത്രാ വിമാനങ്ങള്‍ ഉടന്‍ തന്നെ ലോകകപ്പിന്‍റെ നിറമണിയും. വിമാനം സര്‍വീസ് നടത്തുന്ന രാജ്യങ്ങളിലെ ജനങ്ങളില്‍ ലോകകപ്പിന്‍റ ആവേശമുണര്‍ത്താന്‍ നീക്കം ഉപകരിക്കുമെന്നുമെന്നാണ് പ്രതീക്ഷ. 2021 മാര്‍ച്ചോടെ ലോകത്തിന്‍റെ 125 ഭാഗങ്ങളിലേക്ക് ഖത്തര്‍ എയര്‍വേയ്സ് വിമാനങ്ങള്‍ സര്‍വീസ് നടത്തും. ലോകകപ്പ് നടക്കുന്ന 2022 ല്‍ മൊത്തം 58 മില്യണ്‍ യാത്രക്കാരെ സ്വീകരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും അക്ബര്‍ അല്‍ ബേകിര്‍ കൂട്ടിച്ചേര്‍ത്തു.