ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ചയ്ക്ക് വത്തിക്കാനിലെത്തി. മാർപാപ്പയുമായുള്ള കൂടിക്കാഴ്ച പുരോഗമിക്കുന്നു. അപ്പോസ്തലിക് കൊട്ടാരത്തിലെ പേപ്പർ ലൈബ്രറിയിലാണ് കൂടിക്കാഴ്ച. ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാന മന്ത്രി. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ മോദിക്കൊപ്പമുണ്ട്.
20 വർഷത്തിന് ശേഷമുള്ള കൂടികാഴ്ചയെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ പറഞ്ഞു. വിശ്വാസികൾക്ക് സർക്കാർ നൽകുന്ന പ്രാധാന്യമാണ് കാണിക്കുന്നത്. കൂടിക്കാഴ്ച ലോകത്തിന് സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശം നൽകുന്നു. കാപട്യമുള്ള മതേതരത്വമല്ല ഉയർത്തിക്കാണിക്കേണ്ടതെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ ചൂണ്ടിക്കാട്ടി.
മാർപാപ്പയെ സന്ദർശിച്ച ശേഷം വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി കർദിനാൾ പിയത്ര പരോളിൻ ഉൾപ്പെട്ട പ്രതിനിധി സംഘവുമായി മോദി കൂടിക്കാഴ്ച നടത്തും. മാർപാപ്പയെ വത്തിക്കാനിൽ സന്ദർശിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. 1955 ജൂണിൽ ജവഹർലാൽ നെഹ്റുവാണ് ആദ്യ പ്രധാനമന്ത്രി.
ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ റോമിലെത്തിയ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്വല സ്വീകരണമാണ് ഒരുക്കിയത്. പിയാസയിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് മോദി ഇന്ത്യൻ സമൂഹത്തെ കണ്ടത്. പിന്നീട്, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ, യൂറോപ്യൻ കമ്മിഷൻ അധ്യക്ഷ ഉർസുല വാൻഡെർ ലെയ്ൻ എന്നിവരുമായി മോദി സംയുക്ത ചർച്ച നടത്തി ഔദ്യോഗിക പരിപാടികൾക്കു തുടക്കം കുറിച്ചു.