International

പെഗസിസ് നിര്‍മാതാക്കളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക

പെഗസിസ് ചാരസോഫ്റ്റ്‌വെയര്‍ നിര്‍മാതാക്കളായ എന്‍എസ്ഒയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക. എന്‍എസ്ഒയുമായി വ്യാപാരബന്ധം പാടില്ല എന്നാണ് യുഎസ് വ്യക്തമാക്കുന്നത്. ലോകത്താകമാനം 40 രാജ്യങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കള്‍ തങ്ങള്‍ക്കുണ്ടെന്ന അവകാശവാദമാണ് എന്‍എസ്ഒയുടേത്.

റഷ്യയിലെ പോസിറ്റിവ് ടെക്‌നോളജിസ്, സിംഗപ്പൂരിലെ കമ്പ്യൂട്ടര്‍ സെക്യൂരിറ്റിസ് ഇനിഷ്യേറ്റിവ് എന്നീ കമ്പനികളെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ വിദേശ സര്‍ക്കാരുകള്‍ക്ക് സോഫ്റ്റ്‌വെയര്‍ വില്‍പന നടത്തിയെന്ന് ആരോപിച്ചാണ് കമ്പനികള്‍ക്കെതിരായ നീക്കം.

നേരത്തെ ഇസ്രായേല്‍ എന്‍എസ്ഒയ്‌ക്കെതിരെ നടപടിയെടുത്തപ്പോള്‍ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഒന്നും മറച്ചുവയ്ക്കാനില്ലെന്നുമായിരുന്നു എന്‍എസ്ഒയുടെ പ്രതികരണം.

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പെഗസിസ് ചാര സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച് മന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയുമടക്കം ഫോണുകള്‍ ചോര്‍ത്തിയത് ആഗോള തലത്തില്‍ വലിയ വിവാദമായിരുന്നു. പെഗാസസിന്റെ നിരീക്ഷണത്തില്‍ ഇന്ത്യയിലെ രണ്ട് കേന്ദ്രമന്ത്രിമാര്‍, മൂന്ന് പ്രമുഖ പ്രതിപക്ഷ നേതാക്കള്‍, സുപ്രിംകോടതി ജഡ്ജി, നാല്‍പതിലേറെ മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി മുന്നൂറിലേറെപ്പേരുണ്ടെന്നു റിപ്പോര്‍ട്ട്. ലോകമെങ്ങുമുള്ള ആയിരക്കണക്കിന് പേരുടെ വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.