International

ട്രംപിന്റെ നടപടികളെ വിമര്‍ശിച്ച് ഒബാമ വീണ്ടും രംഗത്ത്

കോവിഡ് ബാധിച്ച് യൂറോപ്പിലും അമേരിക്കയിലും മരിച്ച കുട്ടികളുടെ ശരീരത്തില്‍ വ്രണങ്ങള്‍ രൂപപ്പെട്ടത് സംബന്ധിച്ച് പഠനം നടത്തുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നടപടികളെ വിമര്‍ശിച്ച് മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ വീണ്ടും രംഗത്തെത്തി. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവരാണെന്ന ബോധമില്ലാതെയാണ് ചിലര്‍ പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു ഒബാമയുടെ പരാമര്‍ശം.

അതിനിടെ കോവിഡ് ബാധിച്ച് ലോകത്ത് മരണസംഖ്യ മൂന്ന് ലക്ഷത്തി പതിമൂവായിരം കടന്നു. അതിനിടെ സ്പെയിനില്‍ ലോക്ഡൌണ്‍ പ്രഖ്യാപനത്തിന് ശേഷം മരണസംഖ്യ ആദ്യമായി 100 ല്‍ താഴെ എത്തി.

കോവിഡ് ബാധയില്‍ മരണസംഖ്യ 27650 കടന്ന സ്പെയിനില്‍ ആശ്വാസകരമായ വാര്‍ത്തയാണ് പുറത്തുവരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രേഖപ്പെടുത്തിയത് 87 മരണം, ലോക്ഡൌണ്‍ പ്രഖ്യാപനത്തിന് ശേഷം ആദ്യമായാണ് മരണസംഖ്യ 100 ല്‍ താഴെ എത്തുന്നത്. അമേരിക്കയില്‍ 24 മണിക്കൂറിനിടെ 1200 പേര്‍ മരിച്ചു. രാജ്യത്തെ മരണ സംഖ്യ 90 ആയിരം കടന്നു.

രണ്ട് ലക്ഷത്തി എന്‍പതിനായിരത്തില്‍പരം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച റഷ്യ വിദേശ കായിക താരങ്ങള്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചു. രോഗവ്യാപന തോത് വര്‍ധിച്ചതിനെ തുടര്‍ന്ന് സിംബാബ്‍വെ ലോക്ഡൌണ്‍ അനിശ്ചിതമായി നീട്ടി. കോവിഡ് നിയന്ത്രണ വിധേയമായ ചൈനയില്‍ ജനങ്ങളുടെ രോഗപ്രതിരോധശേഷി ഇല്ലായ്മ കോവിഡിന്റെ രണ്ടാം വ്യാപനത്തിന് വഴി തുറക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

കോവിഡ് ബാധിച്ച് യൂറോപ്പിലും അമേരിക്കയിലും മരിച്ച കുട്ടികളുടെ ശരീരത്ത് വ്രണങ്ങള്‍ രൂപപ്പെട്ടത് സംബന്ധിച്ച് പഠനം നടത്തുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.