പഞ്ച്ശിറിൽ താലിബാനും വടക്കൻ സൈന്യവും തമ്മിൽ കനത്ത പോരാട്ടം. കനത്ത പോരാട്ടം നടത്തുന്നത് സ്ഥിരീകരിച്ച് മുൻ വൈസ് പ്രസിഡന്റ് അംറുള്ള സലേ. ഐക്യരാഷ്ട്രസഭ അടിയന്തിരമായി ഇടപെടണമെന്ന് അംറുള്ള സലേ. താൻ അഫ്‌ഗാനിസ്ഥാനിൽ തന്നെയുണ്ടെന്നും അംറുള്ള സലേ വ്യക്തമാക്കി. അതേസമയം മുതിർന്ന ഉദ്യോഗസ്ഥരടങ്ങിയ യുഎഇ പ്രതിനിധി സംഘം അഫ്ഗാനിസ്ഥാനിലെത്തും. താലിബാൻ കാബൂൾ കീഴടക്കിയ ശേഷം ആദ്യമായാണ് ഒരു രാജ്യത്തിന്റെ പ്രതിനിധി സംഘം അഫ്ഗാനിലെത്തുന്നത്.
അതിനിടെ പുതിയ സർക്കാറിൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് വനിതാ സംഘടനകൾ പ്രതിഷേധം ശക്തമാക്കി. കാബൂളിലടക്കം സ്ത്രീകൾ പ്രതിഷേധവുമായി നിരത്തിലിറങ്ങി. താലിബാൻ സഹ സ്ഥാപകൻ മുല്ല ബരാദറാകും സർക്കാറിനെ നയിക്കുക. ഹിബത്തുല്ല അകുൻസാദ ആയിരിക്കും പരമോന്നത നേതാവ്. മുല്ല ഒമറിന്റെ മകൻ മുഹമ്മദ് യാഖൂബടക്കമുള്ള താലിബാൻ നേതാക്കൾ സർക്കാറിന്റെ ഭാഗമാകും.
അതേസമയം പഞ്ച്ഷിര്‍ പ്രവിശ്യയിലെ സുതൂല്‍ ജില്ല പിടിച്ചെടുത്തതായാണ് താലിബാന്‍ അവകാശപ്പെടുന്നത്. എതിരാളികളുടെ കൈയിലുള്ള 11 ഔട്ട് പോസ്റ്റുകള്‍ ഇപ്പോള്‍ തങ്ങളുടെ നിയന്ത്രണത്തിലാണെന്നും താലിബാന്‍ അവകാശപ്പെടുന്നു. പ്രതിരോധ മുന്നണിയിലെ 34 പേരെ വധിച്ചതായും താലിബാന്‍ സാംസ്‌കാരിക കമീഷന്‍ അംഗം ഇനാമുല്ല സമന്‍ഗനി മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍, ഇത് പച്ചക്കള്ളമാണെന്നും തങ്ങളാണ് മുന്‍പന്തിയില്‍ എന്നുമാണ് പ്രതിരോധ മുന്നണി അവകാശപ്പെടുന്നത്. താലിബാന്‍കാര്‍ കിണഞ്ഞുശ്രമിച്ചിട്ടും താഴ്‌വരയിലേക്ക് പ്രവേശിക്കാന്‍ പറ്റിയിട്ടില്ലെന്നും പാഞ്ച്ഷീറിലെ എല്ലാ പ്രദേശവും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും മുന്നണ വക്താവ് ഫാഹിം ദഷ്തി മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്തെ മറ്റെല്ലാ പ്രവിശ്യകളും മുന്നില്‍ മുട്ടുകുത്തിയിട്ടും ചെറുത്തുനില്‍പ്പ് തുടരുന്ന പാഞ്ച്ഷിര്‍ താഴ്‌വരയെ കീഴ്‌പ്പെടുത്തുകയാണ് താലിബാന്റെ ഉദ്ദേശ്യം. താലിബാനു മുന്നില്‍ കീഴടങ്ങില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച ദേശീയ പ്രതിരോധ മുന്നണിയുടെ നിയന്ത്രണത്തിലാണ് താഴ്‌വര.