International

പുതുവർഷത്തെ വരവേറ്റ് ലോകം: പ്രധാന നഗരങ്ങളിലെ ആഘോഷത്തിന്റെ മാറ്റ് കുറച്ച് കോവിഡ്

ഇന്ത്യന്‍ സമയം ഇന്നലെ വൈകീട്ട് മൂന്നരക്ക് പസഫിക് സമുദ്രത്തിലെ കിരിബാത്തി ആന്റ് സമോവ ദ്വീപുകളിലാണ് 2021ആദ്യ കാല്‍വെപ്പ് നടത്തിയത്. ഒരു മണിക്കൂറിനകം ന്യൂസിലന്‍ഡില്‍ പുതുവർഷമെത്തി, ഓക്ർലന്റാണ് പുതുവർഷമാഘോഷിച്ച ആദ്യ വന്‍ നഗരം, വൈകാതെ ആസ്ത്രേലിയയും പുതുവർഷത്തിലേക്ക് കടന്നു. ഏഷ്യയില്‍ ജപ്പാനാണ് ആദ്യം പുതുവർഷത്തെ വരവേറ്റത്, വൈകാതെ ചൈനയിലും നേപ്പാളിലും ബംഗ്ലാദേശിലും വർണവിസ്മയം വിടർന്നു. ഇന്ത്യയും ശ്രീലങ്കയും ഒരുമിച്ചാണ് ആഘോഷത്തിലേക്ക് കടന്നത്.

പുലർച്ചെ രണ്ടരയോടെ യൂറോപ്പ് 2021ന് സ്വാഗതമോതി, പതിവ് ജനക്കൂട്ടങ്ങളിലില്ലെങ്കിലും പ്രതീക്ഷയുടെ വർണങ്ങള്‍ വാനിലുയർന്നു. ഇന്ന് പത്തരയോടെയാണ് അമേരിക്ക പുതുവർഷം ആഘോഷിക്കാന്‍ തുടങ്ങുന്നത്, വൈകീട്ട് അഞ്ചരക്ക് ബേക്കർ, ഹൗലാന്‍ ദ്വീപുകളില്‍ പുതുവർഷം പിറക്കുന്നതോടെ ഒരു ദിവസത്തിലേറെ നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് വിരാമമാകും. അതേ സമയം കോറോണ വൈറസിന്റെ പുതിയ വകഭേദം പടരുന്ന ബ്രിട്ടനില്‍ ജനങ്ങള്‍ വീടിന് പുറത്തിറങ്ങാൻ അധികൃതര്‍ സമതിച്ചില്ല.