2014-ല്‍ മലേഷ്യ എയര്‍ലൈന്‍സ് വിമാനം മിസൈലേറ്റ് തകര്‍ന്ന് 298 പേര്‍ മരിച്ച സംഭവത്തില്‍ മൂന്ന് റഷ്യക്കാര്‍ക്കും,ഒരു ഉക്രെയ്ന്‍ സ്വദേശിക്കുമെതിരെ നെതര്‍ലെന്‍ഡ് സര്‍ക്കാര്‍ കുറ്റം ചുമത്തി. വിചാരണ മാര്‍ച്ചില്‍ ആരംഭിക്കും. റഷ്യന്‍ സേനയും ഇന്റലിജന്‍സ് വിഭാഗവുമായി നേരിട്ട് ബന്ധമുള്ളവരാണ് മൂന്ന് പേരെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി.
റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായിരുന്ന മുന്‍ എഫ്എസ്ബി കേണലും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആംസ്റ്റര്‍ഡാമില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം റഷ്യ-യുക്രൈന്‍ അതിര്‍ത്തിയില്‍ വിമതരുടെ കീഴിലുള്ള കിഴക്കന്‍ യുക്രൈന്‍ മേഖലയിലാണ് തകര്‍ന്ന് വീണത്. വിമാനം വീഴ്ത്തിയ മിസൈല്‍ കൊണ്ട് വന്നത് ഇവരാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.മൂന്നു റഷ്യക്കാരും റഷ്യന്‍ സൈന്യവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നവരാണ്.
നെതര്‍ലെന്‍ഡ്, ഓസ്ട്രേലിയ, മലേഷ്യ, ബല്‍ജിയം ഉക്രൈയിന്‍ തുടങ്ങിയ രാജ്യങ്ങളിലെ അന്വേഷണ ഉദ്യോഗസ്ഥരാണ് റഷ്യയുടെ പങ്ക് പുറത്ത് കൊണ്ട് വന്നത്.എന്നാല്‍ സംഘത്തിന്‍റെ കണ്ടെത്തലുകള്‍ അംഗീകരിക്കില്ലെന്ന് നേരത്തെ റഷ്യ വ്യക്തമാക്കിയിരുന്നു.