International

സൂചിക്കെതിരെയും മ്യാന്‍മര്‍ പ്രസിഡന്‍റിനെതിരെയും പൊലീസ് കേസ്; ഈ മാസം 15 വരെ കസ്റ്റഡിയില്‍

ഓങ് സാങ് സൂചിക്കെതിരെയും മ്യാന്‍മര്‍ പ്രസിഡന്‍റിനെതിരെയും കേസെടുത്ത് പൊലീസ്. അനധികൃതമായി വാക്കി ടോക്കി റേഡിയോ ഇറക്കുമതി ചെയ്തതിനും അനുമതിയില്ലാതെ ഉപയോഗിച്ചതിനുമാണ് സൂചിക്കെതിരെയുള്ള കേസ്. ഇരുവരെയും ഈ മാസം 15 വരെ കസ്റ്റഡിയിലെടുത്തു.

രണ്ട് വര്‍ഷം തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ഓങ് സാങ് സൂചിക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. സൂചിയുടെ വീട് പരിശോധിച്ചപ്പോഴാണ് വാക്കി ടോക്കി റേഡിയോ കണ്ടെത്തിയതെന്ന് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് സാക്ഷികളെ ചോദ്യം ചെയ്യുന്നതിനും തെളിവ് ശേഖരിക്കാനും സൂചിയുടെ തടങ്കല്‍ തുടരണമെന്നും കുറ്റപത്രത്തിലുണ്ട്.

സൂചിയോടൊപ്പം അറസ്റ്റിലായ പ്രസിഡന്‍റ് യു വിന്‍ മിന്‍റിനെതിരെ ദുരന്ത നിര്‍വഹണ നിയമപ്രകാരമാണ് കേസ്. കോവി‍ഡ് പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം പാടില്ലെന്ന നിയമം ലംഘിച്ചെന്ന് ആരോപിച്ചാണ് പ്രസിഡന്‍റിന് എതിരെ കേസെടുത്തത്.

സൂചിയെയും പ്രസിഡന്‍റിനെയും വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. സൂചി എവിടെയാണെന്ന് ഇപ്പോഴും വ്യക്തമല്ല. എന്നാല്‍ മ്യാന്‍മര്‍ തലസ്ഥാനമായ നായ്പിറ്റോയില്‍ തന്നെയാണ് തടവിലിട്ടിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഭരണം അട്ടിമറിച്ച് സൂചിയെ തടവിലാക്കിയ സൈന്യത്തിന് അവരെ തടവില്‍ പാര്‍പ്പിക്കാനുള്ള ന്യായീകരണമായാണ് പുതിയ കേസിനെ വിലയിരുത്തപ്പെടുന്നത്.

അതേസമയം, കഴിഞ്ഞ വര്‍ഷത്തെ തെരഞ്ഞെടുപ്പിനെ കുറിച്ച് അന്വേഷിക്കുമെന്ന് സൈനിക ഭരണകൂടം അറിയിച്ചു. തെരഞ്ഞെടുപ്പില്‍ വ്യാപക കൃത്രിമം നടന്നത് അന്വേഷിക്കുന്നതില്‍ സൂചിയുടെ സര്‍ക്കാര്‍ പരാജയമാണെന്ന് ആരോപിച്ചാണ് ഭരണം അട്ടിമറിച്ച് പട്ടാളം അധികാരം പിടിച്ചെടുത്തത്. പട്ടാള അട്ടിമറിയെ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അപലപിച്ചു.