International

ജെഫ്​ ബെസോസിനും ഇലോൺ മസ്​കിനുമൊപ്പം 100 ബില്യൺ ക്ലബിൽ മുകേഷ്​ അംബാനിയും

ആമസോൺ സ്ഥാപകൻ ജെഫ്​ ബെസോസിനും ടെസ്​ല സി.ഇ.ഒ ഇലോൺ മസ്​കിനുമൊപ്പം അതിസമ്പന്നരുടെ പട്ടികയിൽ ഇടംപിടിച്ച്​ മുകേഷ്​ അംബാനിയും. 100.6 ബില്യൺ ഡോളറിന്‍റെ ആസ്​തിയുമായാണ്​ മുകേഷ്​ അംബാനി പട്ടികയിലേക്ക്​ എത്തിയത്​. ബിൽഗേറ്റ്​സ്​, മാർക്ക്​ സൂക്കർബർഗ്​, വാരൻ ബഫറ്റ്​ എന്നിവരും പട്ടികയിൽ ഉണ്ട്. 100 ബില്യൺ ഡോളറിൽ കൂടുതൽ ആസ്​തിയുള്ള 11 പേരാണ്​ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്​.

ഈ വർഷം മുകേഷ്​ അംബാനിയുടെ ആസ്​തിയിൽ 23.8 ബില്യൺ ഡോളിന്‍റെ വർധനയുണ്ടായി. 2005ലാണ്​ പിതാവ്​ ധീരുഭായ്​ അംബാനിയുടെ എണ്ണ, പെട്രോകെമിക്കൽ വ്യവസായങ്ങൾ മുകേഷ്​ അംബാനി ഏറ്റെടുത്തത്​. പിന്നീട്​ റീടെയിൽ, ടെക്​നോളജി, ഇ-കോമേഴ്​സ്​ തുടങ്ങിയ മേഖലകളിലേക്കും അംബാനി വ്യവസായ സാമ്രാജ്യം വ്യാപിപ്പിച്ചു.

2016ൽ റിലയൻസ്​ ആരംഭിച്ച ടെലികോം വിഭാഗമായ ജിയോ ഇന്ത്യയിലെ പ്രമുഖ കമ്പനികളിലൊന്നാണ്​. വരുംകാലത്തിന്‍റെ സാധ്യതകൾ മനസിലാക്കി ഊർജ വ്യവസായത്തിലേക്കും ചുവടുവെക്കാനുള്ള ഒരുക്കത്തിലാണ്​ അംബാനി.