നൈജീരിയയില്‍ മുഹമ്മദു ബുഹാരി പ്രസിഡന്റായി വീണ്ടും അധികാരമേറ്റു. തലസ്ഥാനമായ അബുജയില്‍ വിവിധ നയതന്ത്ര പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ലളിതമായ ചടങ്ങിലായിരുന്നു സ്ഥാനമേല്‍ക്കല്‍.
ഫെബ്രുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുന്‍ വൈസ് പ്രസിഡന്റ് അറ്റിക്കു അബൂബക്കറിനെതിരെ 56 ശതമാനം വോട്ടുകള്‍ നേടിയാണ് മുഹമ്മദ് ബുഹാരി വീണ്ടും അധികാരത്തിലെത്തിയത്. അതേസമയം തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് അറ്റിക്കു അബൂബക്കര്‍ രാജ്യത്തെ പരമോന്നത കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
സ്ഥാനാരോഹണത്തിന് ശേഷം തന്റെ നയപരിപാടികള്‍ വിശദീകരിക്കാന്‍ ബുഹാരി തയ്യാറായിട്ടില്ല. രാജ്യ സുരക്ഷ ഉറപ്പാക്കുക, തകര്‍ന്ന സാമ്പത്തികരംഗം ശക്തമാക്കുക തുടങ്ങിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാന്‍ മുഹമ്മദ് ബുഹാരിക്ക് കഠിനാദ്ധ്വാനം ചെയ്യേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജ്യത്തിന്റെ വടക്ക്-കിഴക്ക് മേഖലയില്‍ താവളമടിച്ചിരിക്കുന്ന ബോക്കോ ഹറം തീവ്രവാദികളുടെ ഭീഷണികളും ചെറുതും വലുതുമായ സാമുദായിക സംഘര്‍ഷങ്ങളുമാണ് രാജ്യ സുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്. തൊഴില്‍ രഹിതരുടെ നിരക്ക് 23 ശതമാനമാണ് . 9 കോടിയോളം പേര്‍ അതീവ ദാരിദ്ര്യം അനുഭവിക്കുന്നവരാണ്.