International

കോവിഡ്: കുവൈത്തിൽ 1008 പുതിയ കേസുകൾ, 11 മരണം

883 പേർക്ക് രോഗമുക്തി, പുതിയ രോഗികളിൽ 229 ഇന്ത്യക്കാർ,

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3661 പേരെയാണ് കോവിഡ് ടെസ്റ്റിന് വിധേയമാക്കിയത്. ഇതിൽ 1008 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 26192 ആയി. പുതിയ രോഗികളിൽ 229 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 8125 ആയി.

24 മണിക്കൂറിനിടെ 11 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 205 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളിൽ 324 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 163 പേർക്കും അഹമ്മദിയിൽ നിന്നുള്ള 215 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 110 പേർക്കും ജഹറയിൽ നിന്നുള്ള 196 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. റസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയുള്ള കണക്കുകൾ ഇനി പറയും വിധമാണ്:-

  • ഫർവാനിയ: 92
  • അബ്ദലി: 67
  • ഖൈത്താൻ: 75
  • ജലീബ് അൽ ശുയൂഖ്: 81
  • ഹവല്ലി : 62

രോഗമുക്തിയുടെ കാര്യത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ വലിയ വർധനവാണ് ഉണ്ടായത്. പുതുതായി 883 പേർ രോഗമുക്തി നേടി. കോവിഡ് മുക്തരായവരുടെ എണ്ണം ഇതോടെ 10156 ആയി. നിലവിൽ 15831 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 206 പേർ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.