International

അന്ന് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത് ഡ്യൂപ്ലിക്കേറ്റ് കിമ്മാണോ? സംശയം തീരാതെ സോഷ്യല്‍മീഡിയ

അഡോള്‍ഫ് ഹിറ്റ്‌ലര്‍, സദ്ദാം എന്നിവരെ പോലെ കിമ്മും ബോഡി ഡബിള്‍ പ്രയോഗിക്കുന്നുവെന്നാണ് ഇവര്‍ പറയുന്നത്

ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന് ഹൃദയ ശസ്ത്രക്രിയയെ തുടര്‍ന്ന് ആരോഗ്യ നില വഷളായെന്നും മസ്തിഷ്ക മരണം സംഭവിച്ചുവെന്നുള്ള തരത്തിലുള്ള വാര്‍ത്തകള്‍ ഏപ്രില്‍ അവസാന വാരം ചില മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെ തള്ളി ഉത്തരകൊറിയയും രംഗത്ത് വന്നിരുന്നു. എന്നാല്‍ 20 ദിവസത്തെ ഇടവേളയ്ക്ക് ശേഷം കിം ഒരു പൊതുപരിപാടിയില്‍ പ്രത്യക്ഷപ്പെട്ടു. ഉത്തരകൊറിയയിലെ വള നിര്‍മ്മാണ ഫാക്ടറിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച കിം ഫാക്ടറി നടന്നുകാണുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു.

കോവിഡ് 19 നാശം വിതച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഒരു രാഷ്ട്രത്തിന്റെ നേതാവ് കൂടിയായ കിം അപ്രത്യക്ഷനായതും ഒരു മാസത്തിന് ശേഷമുളള കിമ്മിന്റെ പ്രത്യക്ഷപ്പെടലും വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. ഏപ്രില്‍ 11ന് പാര്‍ട്ടി പോളിറ്റ് ബ്യൂറോയിലായിരുന്നു കിം അവസാനമായി പങ്കെടുത്തത് . പിന്നീടായിരുന്നു കിമ്മിന്റെ തിരോധാനവും മരണം സംഭവിച്ചുവെന്ന വാര്‍ത്തയും പുറത്തുവന്നത്. എന്നാല്‍ കിം വീണ്ടും പ്രത്യക്ഷപ്പെട്ടത് വിശ്വസിക്കാന്‍ ഒരു കൂട്ടര്‍ തയ്യാറായിട്ടില്ല.

കിം താനുമായി രൂപസാദൃശ്യമുള്ള മറ്റൊരാളെ ഉപയോഗിക്കുകയാണെന്നാണ് ഇക്കൂട്ടരുടെ വാദം. അഡോള്‍ഫ് ഹിറ്റ്‌ലര്‍, സദ്ദാം എന്നിവരെ പോലെ കിമ്മും ബോഡി ഡബിള്‍ പ്രയോഗിക്കുന്നുവെന്നാണ് ഇവര്‍ പറയുന്നത്.

ഏറ്റവും ഒടുവില്‍ പൊതുവേദിയിലെത്തിയ കിമ്മിന്റെ ചിത്രവും പഴയ ചിത്രവും തമ്മില്‍ താരതമ്യപ്പെടുത്തിയാണ് ഇവര്‍ വാദമുന്നയിക്കുന്നത്. കിമ്മിന്റെ പഴയ ചിത്രവും പുതിയ ചിത്രവും തമ്മില്‍ പല്ലുകളിലും ചെവിയുടെ ആകൃതിയിലും വ്യത്യാസമുണ്ടെന്നാണ് നെറ്റിസണ്‍സ് കണ്ടെത്തിയിരിക്കുന്നത്.