International

കാബൂള്‍ വിമാനത്താവളത്തിലുണ്ടായ വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം പത്തായി; ഉദ്യോഗസ്ഥരുമായി വിമാനം ഡല്‍ഹിയിലെത്തി

കാബൂള്‍ വിമാനത്താവളത്തിലുണ്ടായ വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം പത്തായി. രാജ്യം വിടാനെത്തിയവരുടെ തിക്കും തിരക്കും നിയന്ത്രിക്കാനാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ചത്. കാബൂള്‍ നഗരം താലിബാന്‍ പിടിച്ചെടുത്തതോടെ രാജ്യത്തുനിന്നും രക്ഷപ്പെടുത്തതിനായി ആളുകള്‍ കൂട്ടമായെത്തിയതാണ് സംഘര്‍ഷത്തിനിടയാക്കിയത്. തുടര്‍ന്ന് വിമാനത്താവളം അടച്ചിട്ട് മുഴുവന്‍ സര്‍വ്വീസുകളും നിര്‍ത്തിവെച്ചു.

അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരേയും നയതന്ത്ര പ്രതിനിധികളേയും തിരിച്ചെത്തിക്കാന്‍ പുറപ്പെട്ട പ്രത്യേക വ്യോമസേന വിമാനങ്ങളിലൊന്ന് ഇന്ത്യയിലെത്തി. എംബസിയിലെ ബാക്കി ഉദ്യോഗസ്ഥരുമായി അടുത്ത വിമാനം ഉടനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നയതന്ത്ര പ്രതിനിധികളും സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം 500 ഓളം ഇന്ത്യക്കാര്‍ കാബൂളില്‍ കുടുങ്ങിയത്.

ഇന്നലെ രാവിലെയാണ് താലിബാന്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ പ്രവേശിച്ചത്. ഇതിന് പിന്നാലൊയണ് അഫ്ഗാന്‍ സര്‍ക്കാര്‍ താലിബാന് കീഴടങ്ങിയെന്ന വാര്‍ത്ത പുറത്തു വരുന്നത്. താലിബാന്‍ കാബൂള്‍ വളഞ്ഞപ്പോള്‍ തന്നെ അഫ്ഗാന്‍ സര്‍ക്കാര്‍ കീഴടങ്ങുകയാണെന്ന് സൂചന വന്നിരുന്നു. താലിബാന് വഴങ്ങുന്ന സമീപനമായിരുന്നു സൈന്യത്തിന്റെ ഭാഗത്തു നിന്നും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായത്. തുടര്‍ന്ന് പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടെന്ന വാര്‍ത്ത പുറത്തവന്നു.താലിബാന്‍ കാബൂളില്‍ പ്രവേശിച്ചതിന് പിന്നാലെ രാജ്യം വിട്ട മുന്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി ഓമനിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മോഹിബും അദ്ദേഹത്തിനൊപ്പം ഓമനിലുണ്ട്. ഇരുവരും അമേരിക്കയിലേക്ക് പോകും. അഷ്‌റഫ് ഗനിക്ക് താജിക്കിസ്താനില്‍ ഇറങ്ങാന്‍ അനുമതി ലഭിച്ചില്ല.