International

വാക്‌സിൻ പേറ്റന്റ് ഒഴിവാക്കിയതിനെ പിന്തുണച്ച് യൂറോപ്യൻ യൂണിയൻ; എതിർപ്പും ശക്തം

കൊവിഡ് വാക്‌സിൻ പേറ്റന്റ് താത്ക്കാലികമായി ഒഴിവാക്കി കൊണ്ടുള്ള അമേരിക്കയുടെ തീരുമാനത്തെ പിന്തുണച്ച് യൂറോപ്യൻ യൂണിയനും. എന്നാൽ ബ്രിട്ടൺ, ജർമനി, സ്വിറ്റ്‌സർലന്റ്, ബ്രസീൽ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ പേറ്റന്റ് ഒഴിവാക്കുന്നതിനെ എതിർക്കുകയാണ്. അമേരിക്കയെ പിന്തുണച്ച് ന്യൂസിലന്റും രംഗത്തെത്തിയിട്ടുണ്ട്. കൊവിഡ് വാക്‌സിന് പേറ്റന്റ് ഒഴിവാക്കുന്നത് ആഗോളതലത്തിൽ വാക്‌സിൻ നിർമാണം വർധിപ്പിക്കുമെന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ലോക വ്യാപാര സംഘടനയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് അമേരിക്ക പേറ്റന്റ് ഒഴിവാക്കാനുള്ള തീരുമാനം എടുത്തത്.

ലോക രാജ്യങ്ങളിലടക്കം വാക്‌സിന്റെ ആവശ്യം ഇനിയും കൂടും. ഈ സാഹചര്യത്തിൽ ഉത്പാദനം കൂട്ടേണ്ടതുണ്ട്. ഇക്കാര്യത്തിൽ ചർച്ച നടത്തുമെന്ന് യൂറോപ്യൻ യൂണിയൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയെൻ വ്യക്തമാക്കി. ഇപ്പോഴത്തെ പ്രതിസന്ധിയെ മറികടക്കാനുള്ള നടപടികൾ കൈകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്യൻ യൂണിയന്റെ കൂടെ പിന്തുണ ലഭിച്ചതോടെ പേറ്റന്റ് ഒഴിവാക്കാനുള്ള നടപടികൾ വേഗത്തിലാകുമെന്നാണ് പ്രതീക്ഷ. 164 അംഗരാജ്യങ്ങളിൽ 100 രാജ്യങ്ങൾ തീരുമാനത്തെ പിന്തുണയ്ക്കുന്നുണ്ട്. സംഘടനയുടെ യോഗം ജനീവയിൽ നടന്നുവരികയാണ്.