അധികാരമുറപ്പിച്ചതോടെ തുടർനീക്കങ്ങള്‍ സജീവമാക്കി അമേരിക്കന്‍ നിയുക്ത പ്രസിഡന്‍റ് ജോബൈഡന്‍. നിയുക്ത വൈസ് പ്രസിഡന്‍റ് കമല ഹാരിസുമായി ചേര്‍ന്ന് വെബ്സൈറ്റും, ട്വിറ്റര്‍ അക്കൌണ്ടും തുറന്നു. പുതിയ കോവിഡ് പ്രതിരോധ സംഘത്തിനും ബൈഡന്‍ രൂപം നല്‍കി. വിജയം പ്രഖ്യാപിച്ച ശേഷം ജോ ബൈഡന്‍ തന്‍റെ കര്‍ത്തവ്യങ്ങളിലേക്ക് കടന്നിരിക്കുന്നു.
അടുത്ത 73 ദിവസം പുതിയ ഭരണത്തിന്‍റെ അടിത്തറ സൃഷ്ടിക്കലാണെന്ന് പുതിയ ട്വിറ്റര്‍ അക്കൌണ്ടിലൂടെ ബൈഡനും, കമല ഹാരിസും പ്രഖ്യാപിച്ചു. ആരോഗ്യം, സുരക്ഷ, സമൂഹത്തിന്‍റെ പൊതുസ്വഭാവം എന്നിവയില്‍ ഊന്നിക്കൊണ്ടാണ് ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍. കോവിഡ് പ്രതിരോധമാണ് മറ്റൊരു കടമ്പ.
ട്രംപ് ഭരണകൂടം കോവിഡ് പ്രതിരോധത്തില്‍ വരുത്തിയ വന്‍വീഴ്ചകളുടെ പശ്ചാത്തലത്തില്‍ പുതിയൊരു ടീമിനെയാണ് ബൈഡന്‍ ആദ്യം രൂപീകരിച്ചത്. പ്രമുഖ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഗ്രൂപ്പിനെ ഈ ആഴ്ച തന്നെ പ്രവര്‍ത്തന സജ്ജരാക്കും. കോവിഡ് പ്രതിരോധമാണ് തന്‍റെ ആദ്യ പരിഗണനാവിഷയമെന്ന് ബൈഡന്‍ നേരത്തെ പറഞ്ഞിരുന്നു.
അതേസമയം, ട്രംപ് അനൂകൂലികളുടെ പ്രതിഷേധം തുടരുകയാണ്. അമേരിക്കയെ വീണ്ടും മികച്ചതാക്കാന്‍ ട്രംപിനെ പിന്തുണക്കണമെന്നാണ് മുദ്രാവാക്യം. അതിനിടെ പരാജിതനായ ഡോണല്‍ഡ് ട്രംപിന്‍റെ ട്വിറ്റര്‍ അക്കൌണ്ടിന്‍റെ പ്രത്യേക സുരക്ഷ ജനുവരിയോടെ എടുത്തുകളയുമെന്ന് ട്വിറ്റര്‍ അധികൃതര്‍ വ്യക്തമാക്കി.