International

ഇറ്റലിക്ക് ഇനി കുറച്ച് ആശ്വസിക്കാം; ലോകത്തെ ഏറ്റവും വലിയ ദേശീയ ലോക്ക് ഡൌണിന് അവസാനം

കോവിഡ് ബാധിച്ച് ഇറ്റലിയിൽ 28,884 പേരാണ് മരിച്ചത്. 2,10,717 പേർ രോഗബാധിതരാണ്. 81,654 പേർ രോഗമുക്തരായി.

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഇറ്റലിയില്‍ ഏർപ്പെടുത്തിയ ഒമ്പത് ആഴ്ച നീണ്ടുനിന്ന ലോക്ഡൗൺ ഞായറാഴ്ച അവസാനിച്ചു. ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ദേശീയ ലോക്‌ഡൗണിനാണ് ഇതോടെ അവസാനമായത്. മാര്‍ച്ച് ഒമ്പതിനാണ് ഇറ്റലിയില്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചത്.

എന്നാൽ വൈറസ് വ്യാപനത്തിന്റെ ഗ്രാഫ് വീണ്ടും ഉയരാൻ സാധ്യതയുള്ളതിനാൽ രാജ്യത്ത് നിയന്ത്രണങ്ങൾ തുടരാനാണ് സർക്കാർ തീരുമാനം. ഫാക്ടറികളും നിർമാണ മേഖലകളും തുറന്നുപ്രവർത്തിക്കും. റസ്റ്ററന്റുകൾ തുറക്കുമെങ്കിലും ഭക്ഷണം അവിടെയിരുന്നു കഴിക്കാൻ അനുവാദമില്ല. ബാറുകളും ഐസ്ക്രീം പാർലറുകളും അടഞ്ഞുകിടക്കും. പൊതുഗതാഗതം ഉപയോഗിക്കുന്നതിനെ സർക്കാർ പ്രോത്സാഹിപ്പിക്കില്ല. മാസ്ക് ധരിക്കാതെ ജനങ്ങൾ പൊതുയിടങ്ങളിൽ പോകരുതെന്ന് നിർദേശമുണ്ട്.

കോവിഡിന്‍റെ വ്യാപനത്തെത്തുടര്‍ന്ന് പരിഭ്രതരായ ജനങ്ങൾ കോവിഡ് ബാധ കുറഞ്ഞ പ്രദേശങ്ങളിലേക്ക് പലായനം ചെയ്യാൻ ആരംഭിച്ചു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വൈറസ് പടരാനുള്ള സാധ്യതയും ദക്ഷിണ മേഖലയിലെ ആരോഗ്യരംഗത്തിന്റെ വികസനമുരടിപ്പും കണക്കിലെടുത്ത് മാർച്ച്‌ ഒമ്പതിന് രാജ്യത്ത് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. ദിവസവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തതോടെ രാജ്യത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയായിരുന്നു. കോവിഡ് ബാധിച്ച് ഇറ്റലിയിൽ 28,884 പേരാണ് മരിച്ചത്. 2,10,717 പേർ രോഗബാധിതരാണ്. 81,654 പേർ രോഗമുക്തരായി.