International

മൊസാംബിക്കില്‍ ഭീകരര്‍ 50 പേരുടെ തലവെട്ടി മാറ്റി കൊലപ്പെടുത്തി

ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ഭീകരര്‍ 50 പേരുടെ തലവെട്ടി മാറ്റി കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. വടക്കന്‍ മൊസാംബിക്കിലെ ഒരു ഗ്രാമമായ കാബോ ഡല്‍ഗാഡോ പ്രവിശ്യയിലാണ് സംഭവം. പ്രദേശത്തെ ഫുട്‌ബോള്‍ ഗ്രൗണ്ടാണ് കുരുതിക്കളമായത്. ആളുകളെ പ്രദേശത്തെ ഫുട്ബാള്‍ ഗ്രൗണ്ടിലെത്തിച്ച് ഭീകരര്‍ തലയറുക്കുകയായിരുന്നു. 2017 മുതല്‍ ഐ.സിനൊപ്പം ചേര്‍ന്ന ഭീകര ഗ്രൂപ്പാണ് ക്രൂരതക്കു പിന്നില്‍.

50 പേരെ നിരത്തിനിര്‍ത്തിയാണ് ഇവര്‍ കൂട്ടകൊലപാതകം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് മൂന്ന് ദിവസമായി നടക്കുന്ന ആക്രണം ഇപ്പോഴും തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

മിഡുംബെ, മകോമിയ, തുടങ്ങിയ ജില്ലകളിലെ നിരവധി ഗ്രാമങ്ങളാണ് ഭീകരര്‍ ആക്രമിച്ചത്. നഞ്ചബ ഗ്രാമത്തില്‍ വീടുകള്‍ക്ക് ഭീകരര്‍ തീവെച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടു പോകുകയും വീടുകള്‍ ചുട്ടെരിക്കുകയും ചെയ്തതായി മൊസാംബിക് പൊലീസ് കമാന്‍ഡര്‍ ജനറല്‍ ബെര്‍നാര്‍ഡിനോ റാഫേല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മൊസാംബിക്കില്‍ 2017ന് ശേഷം 2000 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വീട് നഷ്ടമായിരിക്കുന്നത് നാലുലക്ഷത്തോളം പേര്‍ക്കാണ്.