ഈ മാസം 21നകം വൻശക്തി രാജ്യങ്ങൾ ഉത്തരവാദിത്തം നിർവഹിച്ചില്ലെങ്കിൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
ആണവ കരാർ വിഷയത്തിൽ നിലപാട് കടുപ്പിച്ച് ഇറാൻ. ഈ മാസം 21നകം വൻശക്തി രാജ്യങ്ങൾ ഉത്തരവാദിത്തം നിർവഹിച്ചില്ലെങ്കിൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര ആണവോർജ സമിതിയുടെ പരിശോധക സംഘത്തിനും വിലക്ക് ഏർപ്പെടുത്തേണ്ടി വരുമെന്നാണ് ഇറാന്‍റെ താക്കീത്.
2015ൽ ഒപ്പുവെച്ച കരാർ വ്യവസ്ഥകൾ ലംഘിച്ചത് അമേരിക്ക ഉൾപ്പെടെ വൻശക്തി രാജ്യങ്ങളാണെന്ന നിലപാടിലാണ് ഇറാൻ. കരാറിൽ തിരിച്ചെത്താൻ ബൈഡൻ ഭരണകൂടം താൽപര്യം പ്രകടിപ്പിക്കാത്ത സാഹചര്യത്തിൽ കരാർ വ്യവസ്ഥകൾ നടപ്പാക്കേണ്ട ബാധ്യത തങ്ങൾക്കില്ലെന്നും ഇറാൻ വ്യക്തമാക്കുന്നു. ഫെബ്രുവരി 21നുള്ളിൽ ഉപരോധം പിൻവലിച്ച് വൻശക്തി രാജ്യങ്ങൾ കരാറിനോടുള്ള നീതി പുലർത്തണം. അല്ലാത്തപക്ഷം കരാറിലെ തുടർ വ്യവസ്ഥകൾ നടപ്പാക്കാൻ ഇറാൻ തയ്യാറല്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് സഈദ് ഖാതിബ്സാദെ പറഞ്ഞു.
അന്താരാഷ്ട്ര ആണവോർജ സമിതിയുടെ എല്ലാ പരിശോധനകൾക്കും സ്ഥായിയായ വിലക്ക് ഏർപ്പെടുത്തുകയല്ല. വൻശക്തി രാജ്യങ്ങൾ നിലപാട് മാറ്റത്തിന് തയ്യാറായാൽ ഇറാനും വിട്ടുവീഴ്ചകൾക്ക് ഒരുക്കമാണ്. എന്നാൽ ബൈഡൻ അധികാരത്തിൽ വന്നെങ്കിലും പ്രകടമായ മാറ്റമൊന്നും ഇതുവരെ കാണാനില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.