ഇന്ന് ലോകഭിന്നശേഷി ദിനം. പരിമിതികളെ അതിജീവിച്ച് പ്രചോദനത്തിന്റെ മാതൃകകളാകുന്ന ഒരു കൂട്ടം മനുഷ്യരുടെ ദിവസം. ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടാനും എല്ലാ മേഖലകളിലും ബാക്കിയുള്ളവരെ പോലെ തന്നെ അവരുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കപ്പെടാനും വേണ്ടിയാണ് ഈ ദിവസം ആചരിക്കുന്നത്. ശാരീരിക മാനസിക പരിമിതികൾ നേരിടുന്നവർക്ക് ഒപ്പം നിൽക്കേണ്ടത് നമ്മുടെ കടമ കൂടിയാണെന്ന് ഓർമിപ്പിക്കുകയാണ് ഈ ദിവസം. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും വികസനത്തിനും നിരവധി പദ്ധതികൾ രാജ്യങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ടെങ്കിലും ഇത് ഉറപ്പുവരുന്നതിനും അവർക്കൊപ്പം നിൽക്കാൻ സമൂഹത്തിനെ ഓർമ്മിപ്പിക്കുക എന്ന ലക്ഷ്യത്തോടും കൂടിയാണ് അന്താരാഷ്ട്ര സംഘടന ലോക ഭിന്ന ശേഷി ദിനം ആചരിക്കുന്നത്. സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് അവരെ കൂടി കൈപിടിച്ച് ഉയർത്തുക എന്ന ലക്ഷ്യത്തോടെ 1992 ലാണ് ഐക്യരാഷ്ട്ര സംഘടന ഭിന്നശേഷി ദിനാചരണത്തിന് തുടക്കം കുറിച്ചത്. എല്ലാ വിഭാഗക്കാരെയും പോലെ കൊവിഡ് മഹാമാരിയിൽ ജീവിതം ഉലഞ്ഞുപോയവരാണ് ഇവരും. അതിൽ നിന്ന് അവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനും കൊവിഡാനന്തര ലോകം പടുത്തുയർക്കുന്നതിൽ അവരുടെ പങ്കാളിത്തവും നേതൃത്വവും ഉറപ്പാക്കലുമാണ് ഇത്തവണത്തെ ഭിന്നശേഷി ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.
ഈ സമൂഹത്തിൽ വൈകല്യമുള്ളവർ നിരവധി പ്രശ്നങ്ങളാണ് നേരിടുന്നുണ്ട്. സമൂഹത്തിൽ നിന്ന് അവർ നേരിടുന്ന അസമത്വം അവരെ കൂടുതൽ പിറകോട്ട് വലിക്കുകയെ ഉള്ളു. വിദ്യാഭ്യാസം, ജോലി, ആരോഗ്യ തുടങ്ങിയ മേഖലയിലെ തുല്യ അവസരങ്ങൾ ലഭ്യമാക്കുക അവരെ സമൂഹത്തിന്റെ മുൻ നിരയിലേക്ക് കൈപിടിച്ചുയർത്തുക, അവർക്ക് അനുകൂലമായ മെച്ചപ്പെട്ട സ്ഥലമാക്കി മാറ്റുക എന്നതുകൂടിയാണ് ഈ ദിവസം കൊണ്ട് ലക്ഷ്യമിടുന്നത്.
ലോകത്തെ ആകെ ജനസംഖ്യയുടെ 15 ശതമാനത്തോളം അതായത് നൂറുകോടിയിലധികം പേര്‍ ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങൾ ഉള്ളവരാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതിൽ തന്നെ മൊത്തം അംഗവൈകല്യമുള്ള ജനസംഖ്യയുടെ 80 ശതമാനവും വികസ്വര രാജ്യങ്ങളിലാണ് ഉൾപ്പെടുന്നത്.