നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ കാബിനറ്റില്‍ ഇന്ത്യന്‍ വംശജ ഇന്ദ്ര നൂയിയും ഉണ്ടായേക്കും. വാണിജ്യ സെക്രട്ടറി സ്ഥാനത്തേക്കാണ് ജോ ബൈഡന്‍ നൂയിയെ പരിഗണിക്കുന്നത്. പെപ്‌സികോയുടെ ചെയര്‍മാനും സിഇഓയുമായി പന്ത്രണ്ട് വര്‍ഷം സേവനമനുഷ്ഠിച്ച ഇന്ദ്രാ നൂയി നിലവില്‍ ആമസോണിന്റെ ഡയറക്ടര്‍ ബോര്‍ഡംഗമാണ്. 2018ലാണ് പെസ്പസിക്കോ സിഇഓ സ്ഥാനത്ത് നിന്ന് നൂയി വിരമിച്ചത്.
65-കാരിയായ ഇന്ദ്ര കൃഷ്ണമൂര്‍ത്തി ചെന്നൈയിലാണ് ജനിച്ചത്. മദ്രാസ് ക്രിസ്ത്യന്‍ കോളജ്, കൊല്‍ക്കത്ത ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ്, അമേരിക്കയിലെ യേല്‍ യൂനിവേഴ്‌സിറ്റി എന്നിവടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. യേല്‍ യൂനിവേഴ്‌സിറ്റിയിലെ പഠനത്തിന് ശേഷം നിരവധി അമേരിക്കന്‍ കമ്പനികളില്‍ സേവനമനുഷ്ഠിച്ചു. മോട്ടോറോള, എബിബി തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളിലെ സേവനത്തിന് ശേഷം 1994ലാണ് നൂയി പെപ്‌സികോയില്‍ ചേരുന്നത്. 2006ല്‍ അവര്‍ ലോകത്തെ ഏറ്റവും വലിയ പാനീയ കമ്പനിയുടെ സിഇഓ ആയി. അന്ന് അവരുടെ അടിസ്ഥാന വാര്‍ഷിക ശമ്പളം മാത്രം പതിനാല് കോടി രൂപയായിരുന്നു. വിരമിക്കുമ്പോള്‍ അവരുടെ വാര്‍ഷിക വരുമാനം ഇരുന്നൂറ്റി മുപ്പത് കോടിയായിരുന്നു. പെസ്പസിക്കോയിലെ ഓഹരി പങ്കാളിത്തവും മറ്റാനുകൂല്യങ്ങള്‍ വേറെയും. ഫോബ്‌സ് മാസികയുടെ ഏറ്റവും ശക്തരായ നൂറ് വനിതകളിലൊരാളായി നിരന്തരം അക്കാലത്ത് സ്ഥാനം പിടിച്ചു.
ആഗോളീകരണത്തിന്റെ മുഖമായിരുന്നു ഇന്ത്യയുള്‍പ്പടെ രാജ്യങ്ങളിലെ പെപ്‌സി എന്ന ബ്രാന്‍ഡിന്റെ സാന്നിധ്യം. പെപ്‌സിയുടെ മേധാവി എന്ന നിലയില്‍ ഇന്ദ്രയും ആഗോളീകരണത്തിന്റെ മുഖവും വക്താവുമാണ്. ട്രംപ് ഭരണകാലത്ത് ആഗോളീകരണത്തില്‍ നിന്ന് മുഖം തിരിഞ്ഞു നിന്ന അമേരിക്കയെ സംബന്ധിച്ച് ഇന്ദ്ര നൂയി ബൈഡന്റെ വാണിജ്യ സെക്രട്ടറിയാകുന്നത് ട്രംപ് കാലഘട്ടത്തില്‍ നിന്നുള്ള ഒരു യൂ ടേണ്‍ ആയിരിക്കും.