ഇന്തോനേഷ്യയിലുണ്ടായ വൻ ഭൂചലനത്തിൽ ഏഴ് മരണം. 100ഓളം പേർക്ക് പരിക്കേറ്റു. ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലാണ് 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ഭൂകമ്പം ഉണ്ടായത്.
ഭൂചലനത്തില്‍ ഒരു ആശുപത്രി കെട്ടിടം ഇടിഞ്ഞ് ഒരുപാടുപേര്‍ അതിനടിയില്‍ കുടുങ്ങി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മജെനെ നഗരത്തിന് ആറു കിലോമീറ്റർ വടക്കുകിഴക്കായിട്ടാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഏഴു സെക്കന്‍ഡ് നീണ്ടുനിന്നു. അതേസമയം സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല.
പരിഭ്രാന്തരായ പ്രദേശവാസികൾ സുരക്ഷ തേടി വീടുകളിൽനിന്ന് പുറത്തിറങ്ങിയോടി. ഒരു ഹോട്ടലിനും വെസ്റ്റ് സുലവേസി ഗവർണറുടെ ഓഫിസിനും സാരമായ കേടുപാടുകൾ സംഭവിച്ചതായും വൈദ്യുതി വിതരണം തടസ്സപ്പെട്ടതായും ദുരന്ത നിവാരണ ഏജൻസി അറിയിച്ചു.