International

കാബൂളില്‍ കുടുങ്ങിയത് ഇരുന്നൂറിലേറെ ഇന്ത്യക്കാര്‍

കാബൂളില്‍ ഇരുന്നൂറിലേറെ ഇന്ത്യക്കാര്‍ തിരികെയെത്താനാകാതെ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. കൊവിഡ് സാഹചര്യത്തിലടക്കം തിരികെയത്താന്‍ കഴിയാത്തവര്‍ ഇക്കൂട്ടത്തിലുണ്ടെന്നാണ് വിവരം. ഇന്ന് കാബൂളിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനം റദ്ദുചെയതതാണ് കൂടുതല്‍ പ്രതിസന്ധിക്കിടയാക്കിയത്. പലയിടത്തും ടെലഫോണ്‍ ബന്ധവും തകരാറിലായി.

സാഹചര്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം നിലപാടെടുക്കുക എന്നതാണ് ഇന്ത്യ നിലവില്‍ സ്വീകരിച്ചിരിക്കുന്ന തീരുമാനം. ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഓരോ മണിക്കൂറിലും സാഹചര്യങ്ങള്‍ പരിശോധിക്കുന്നതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അറിയിച്ചു.

അതിനിടെ കാബൂള്‍ വിമാനത്താവളത്തിലുണ്ടായ വെടിവയ്പ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കാബൂള്‍ വിമാനത്താവളത്തില്‍ തിക്കും തിരക്കും നിയന്ത്രണാതീതമെന്നാണ് വിവരം. കാബൂള്‍ വിമാനത്താവളത്തിലെ എല്ലാ സര്‍വ്വീസുകളും നിര്‍ത്തിവച്ചു. അതേസമയം അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ പൗരന്മാരുടെയും ഇന്ത്യന്‍ സ്ഥാപനങ്ങളുടെയും സംരക്ഷണം വിലയിരുത്താനായി നാഷണല്‍ ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി ഇന്ന് യോഗം ചേരുന്നുണ്ട്. ഇന്ത്യന്‍ പൗരന്മാരായ സിഖുകാരയും ഹിന്ദുക്കളെയും തിരികെയെത്തിക്കാന്‍ നടപടികള്‍ തുടരുന്നതായി കേന്ദ്രമന്ത്രി ഹര്‍ദീപ് സിംങ് പൂരി പറഞ്ഞു.

രാജ്യം വിടാന്‍ എത്തിയവരുടെ തിക്കും തിരക്കും മൂലമാണ് കാബൂള്‍ വിമാനത്താവളത്തില്‍ വെടിവെയ്പ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. കാബൂള്‍ നഗരം താലിബാന്‍ പിടിച്ചെടുത്തതോടെ രാജ്യത്തുനിന്നും രക്ഷപ്പെടുത്തതിനായി ആളുകള്‍ കൂട്ടമായെത്തിയതാണ് സംഘര്‍ഷത്തിനിടയാക്കിയത്. തിക്കും തിരക്കും നിയന്ത്രിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവയ്ക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് വിമാനത്താവളം അടച്ചിട്ട് മുഴുവന്‍ സര്‍വ്വീസുകളും നിര്‍ത്തിവെച്ചു.