International

ഇന്ത്യ- യുകെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ മെയ് ഒന്ന് മുതല്‍ പുനഃരാരംഭിക്കുന്നു

എയര്‍ ഇന്ത്യയുടെ ഇന്ത്യ- യുകെ യാത്രാ സര്‍വീസുകള്‍ താത്കാലികമായി പുനഃരാരംഭിക്കുന്നു. കൊവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നും യുകെയിലേക്കും തിരിച്ച് ഇന്ത്യയിലേക്കുമുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു.

റദ്ദാക്കിയ സര്‍വീസുകള്‍ മെയ് 1 മുതല്‍ പുനഃരാരംഭിക്കും. നേരത്തെ റദ്ദാക്കിയ സര്‍വീസുകളാണ് പുനഃരാരംഭിക്കുന്നത്. ഏപ്രില്‍ 24 മുതല്‍ 30 വരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. എന്നാല്‍ ഭാഗീകമായിട്ട് മാത്രമായിരിക്കും സര്‍വീസുകള്‍ പുനഃരാരംഭിക്കുക. മെയ് 15 വരെയാണ് നിലവില്‍ യാത്രാ സര്‍വീസുകള്‍ ഭാഗീകമായി നടത്താന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് യുകെയിലേക്കും തിരിച്ചും സര്‍വീസുകള്‍ നടത്തുക.

അതേസമയം കൊവിഡ് വ്യാപനം ഇന്ത്യയില്‍ അതിരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 3,79,257 പേര്‍ക്കാണ്. 3,645 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കണക്കാണിത്. 24 മണിക്കൂറിനിടെ 2,69,507 പേര്‍ രോഗമുക്തി നേടി.