കോറോണയെ നേരിടാൻ ഡൊണാൾഡ് ട്രംപ് സഹകരിക്കാൻ തയ്യാറായില്ലെങ്കിൽ രാജ്യത്തെ കോവിഡ് പ്രതിസന്ധികൾ അതിരൂക്ഷമായി തുടർന്നേക്കുമെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ.”ഞങ്ങൾ പരസ്പരം സഹകരിച്ചിട്ടില്ലെങ്കിൽ കൂടുതൽ പേർ മരിക്കാനിടയായേക്കും” ബൈഡൻ പറഞ്ഞു. ട്രംപ് ഇലക്ഷൻ ഫലം അംഗീകരിക്കാതിരിക്കുന്നതും ഭരണക്കൈമാറ്റ പ്രക്രിയകളുമായി സഹകരിക്കാതിരിക്കുന്നതും സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കുകയായിരുന്നു അദ്ദേഹം.
“വാക്സിനേഷൻ പ്രധാനമാണ്. 300 മില്യൺ ആളുകൾക്ക് ആവശ്യാനുസരണം അത് എത്തിക്കാനുള്ള തീവ്ര ശ്രമങ്ങൾ ലോകാരോഗ്യ സംഘടനയും മറ്റ് ലോകരാജ്യങ്ങളുമായി യോജിച്ച് തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ട്രംപ് ഭരണകൂടം ഇപ്പോഴും വാർപ് സ്പീഡ് പദ്ധതിയെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നു. ഞങ്ങൾക്ക് ആസൂത്രണം ചെയ്യാൻ ജനുവരി 20 വരെ കാത്തിരിക്കേണ്ടി വരുമെന്നാണെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോയേക്കാം. നിലവിലുള്ള ഗവണ്മെന്റ് സഹകരിക്കാൻ തയാറാകുമെങ്കിൽ മാത്രമേ കാര്യക്ഷമമായ രീതിയിലുള്ള ഇടപെടൽ സാധ്യമാവുകയുള്ളു”ബൈഡൻ പറഞ്ഞു.
രാജ്യത്തെ റിപ്പബ്ലിക്കൻസും ഡെമോക്രാറ്റ്സുമായ ഓരോ വ്യക്തിയെയും സംഘടനകളെയും ഉൾക്കൊള്ളാനുതകുന്ന തരത്തിൽ,ഗൗരവകരവും സ്ഥിരതയുള്ളതുമായ പദ്ധതികൾ ആവിഷ്കരിക്കാനുള്ള ശ്രമത്തിലാണ് ബൈഡൻ. ഭരണമേൽക്കുന്ന ആദ്യ ദിനം മുതൽ ബിസിനസ്, തൊഴിൽ, കോവിഡ് തുടങ്ങിയവയെ ക്യാബിനെറ്റുമായി ചേർന്ന് കാര്യക്ഷമമായി നേരിടാൻ ഈ തയ്യാറെടുപ്പുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.