International

പ്രവാസികളെ പിഴിഞ്ഞ് മതിയാകാതെ വിമാനക്കമ്പനികള്‍

കേരളത്തിൽ നിന്ന് ബഹ്റൈനിലേക്കുള്ള വിമാനയാത്രാ നിരക്കിലുണ്ടായ ഗണ്യമായ വർധന പ്രവാസികളെ വലക്കുന്നു. അരലക്ഷത്തിലേറെ രൂപ കൊടുത്താണ് പലരും കഴിഞ്ഞ ദിവസങ്ങളിൽ എയർ ടിക്കറ്റെടുത്തത്. വിഷയത്തിൽ കേന്ദ്ര കേരള സർക്കാരുകൾ ഇടപെടണമെന്നാണ് പ്രവാസികളുടെ ആവശ്യം.

കോവിഡ് കാലത്ത് ബഹ്റൈനിലേക്കൊന്ന് തിരിച്ചെത്താൻ പ്രവാസികൾ എയർ ടിക്കറ്റിന് മുടക്കേണ്ട തുക കേട്ടാൽ ആരുമൊന്ന് ഞെട്ടും. നാല്പതിനായിരം മുതൽ അൻപത്തി അയ്യായിരം രൂപ വരെയാണ് നിരക്ക്. കോവിഡ് കാലം പ്രവാസികൾക്ക് സമ്മാനിച്ച കടുത്ത യാത്രാദുരിതങ്ങൾക്ക് വിമാനക്കമ്പനികൾ വൻ ചാർജ് ഈടാക്കുന്നത്.

ചാർട്ടേർഡ് ഫ്ലൈറ്റിലും വന്ദേഭാരത് മിഷൻ വിമാനങ്ങളിലും സീറ്റ് ഒപ്പിച്ചെടുക്കാനുള്ള പെടാപ്പാടായിരുന്നു ആദ്യം. എയർ ഇന്ത്യയുടെയും ഗൾഫ് എയറിൻ്റെയും കൂടുതൽ വിമാനങ്ങൾക്ക് വേണ്ടി വന്നത് നീണ്ട കാത്തിരിപ്പ്. ഒടുവിൽ എല്ലാം ശരിയാക്കാൻ എയർ ബബിൾ കരാർ വരുന്നു എന്ന പ്രതീക്ഷയായി. ഒടുവിൽ കരാർ നടപ്പിലായപ്പോൾ അടിമുടി ദുരൂഹതയുമായി ഓൺലൈനിലോ ഓഫ് ലൈനിലോ ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയും കാണേണ്ടി വന്നു.

ഒടുവിൽ ടിക്കറ്റ് ക്ഷാമം ഒന്ന് തീർന്നപ്പോഴാകട്ടെ അത് കിട്ടാൻ വൻ തുക മുടക്കേണ്ട ദുരവസ്ഥയും. വിമാനയാത്രാ നിരക്ക്. വിഷയത്തിൽ ഇടപെട്ട് നിരക്ക് കുറക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സത്വര നടപടികൾ സ്വീകരിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം.