വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വിജയം അവകാശപ്പെട്ട് ഗസ്സയില്‍ ഹമാസ്, ഇസ്‌ലാമിക് ജിഹാദ് പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനം. ആയിരങ്ങളാണ് ഫലസ്തീന്‍ പതാകയേന്തി വിജയചിഹ്നം ഉയര്‍ത്തി തെരുവിലിറങ്ങിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. ഈജിപ്തിന്റെ മധ്യസ്ഥത അംഗീകരിച്ചാണ് വെടിനിര്‍ത്തലിന് തയ്യാറാണെന്ന് വ്യാഴാഴ്ച രാത്രി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയോടെ ഫലസ്തീന്‍ പോരാളി ഗ്രൂപ്പുകളും വെടിനിര്‍ത്തല്‍ അംഗീകരിക്കുകയായിരുന്നു.
ഇത് തങ്ങളുടെ വിജയമാണെന്ന് മുതിര്‍ന്ന ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യ പറഞ്ഞു. ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന വീടുകള്‍ ഹമാസ് നിര്‍മിച്ചു നല്‍കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. മെയ് 10ന് തുടങ്ങിയ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഇതുവരെ 232 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതില്‍ 65 പേര്‍ കുട്ടികളാണ്. ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തില്‍ 12 ഇസ്രായേലികള്‍ കൊല്ലപ്പെട്ടു.