ഗൂഗിൾ ചീഫ് എക്സിക്യുട്ടീവ് സുന്ദർ പിച്ചെ ഇ മെയിലിലൂടെയാണ് ജീവനക്കാരെ അറിയിച്ചത്.
ഗൂഗിൾ ജീവനക്കാർ 2021 ജൂണ്‍ 30 വരെ വീട്ടിലിരുന്നാണ് ജോലി ചെയ്യേണ്ടതെന്ന് കമ്പനി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഗൂഗിൾ ചീഫ് എക്സിക്യുട്ടീവ് സുന്ദർ പിച്ചെ ഇ മെയിലിലൂടെയാണ് ജീവനക്കാരെ ഇക്കാര്യം അറിയിച്ചത്.
ആഗോള വ്യാപകമായി നടപ്പിലാക്കിയ വീട്ടിലിരുന്നുള്ള ജോലി അടുത്ത വര്‍ഷം ജൂണ്‍ 30 വരെ തുടരും. ഇത്തരത്തിലൊരു തീരുമാനം ജീവനക്കാര്‍ക്ക് കാര്യങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കാൻ ഉതകുന്ന തരത്തിലാണെന്ന് സുന്ദർ പിച്ചെ അറിയിച്ചു. ഗൂഗിളിലെ രണ്ട് ലക്ഷത്തോളം മുഴുവൻ സമയ, കരാർ ജീവനക്കാർക്ക് ഈ തീരുമാനം ബാധകമായിരിക്കും.
നേരത്തെ ജനുവരി വരെ വീട്ടിലിരുന്ന ജോലി ചെയ്താൽ മതിയെന്ന് ഗൂഗിൾ ജീവനക്കാരെ അറിയിച്ചിരുന്നു. കോവിഡ് പ്രതിസന്ധി അകലാത്ത സാഹചര്യത്തിലാണ് കാലാവധി നീട്ടിയത്. ഗൂഗിളിന്‍റെ തീരുമാനം മറ്റ് വന്‍കിട കമ്പനികളെയും സ്വാധീനിച്ചേക്കും എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ട്വിറ്റർ ഇതിനകം തന്നെ കാലാവധി നിശ്ചയിക്കാതെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അനുവാദം നൽകിയിട്ടുണ്ട്. മറ്റ് കമ്പനികളിൽ പലതും അടുത്ത മാസങ്ങളിൽ ജീവനക്കാരെ ഓഫീസുകളിലേക്ക് തിരിച്ചുവിളിക്കാൻ ആലോചിക്കുന്നതിനിടെയാണ് ഗൂഗിളിന്‍റെ സുപ്രധാന തീരുമാനം വന്നത്.