ജർമനിയിലെ തീവ്ര വലതുപക്ഷ വിഭാഗമായ വോൾഫ് ബ്രിഗേഡ് 44നെ നിരോധിച്ചതായും സംഘടനയെ പിന്തുണച്ചവരുടെ വീടുകളിൽ പോലീസ് റെയ്ഡ് നടക്കുന്നതായും ജർമൻ ആഭ്യന്തര മന്ത്രാലയം. വോൾഫ് ബ്രിഗേഡ് 44ന്റെ പ്രചാരണ സാമഗ്രികളും, സംഘടനയുടെ ഫണ്ട് സംബന്ധിച്ച വിവരങ്ങളും കണ്ടുകെട്ടാൻ പതിമൂന്നോളം അംഗങ്ങളുടെ വീടുകളിലാണ് പോലീസ് റെയ്ഡ് നടന്നത്. റെയ്‌ഡിൽ ആയുധങ്ങളും നാസി അനുകൂല ചിഹ്നങ്ങളും പിടിച്ചെടുത്തതായും റിപ്പോർട്ടുകളുണ്ട്.
“സ്വതന്ത്രമായ സാമൂഹിക ജീവിതത്തിനും, അടിസ്ഥാന മൂല്യങ്ങൾക്കും എതിരായി നിൽക്കാൻ ആരെങ്കിലും ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അവർ ഗവൺമെന്റിന്റെ ഭാഗത്ത് നിന്ന് ദൃഢമായ തിരിച്ചടികൾ പ്രതീക്ഷിക്കുക. ഞങ്ങളുടെ രാജ്യത്ത് വിദ്വേഷം വിതക്കുന്നവർക്കും, നാസി ഭരണകൂടത്തെ പുനഃസ്ഥാപിക്കാൻ ആഗ്രഹിക്കുന്നവർക്കും സ്ഥാനമില്ല” ജർമൻ ആഭ്യന്തര മന്ത്രി ഹോർസ്റ്റ് സീഹോഫർ പറഞ്ഞു.
വോൾഫ് ബ്രിഗേഡ് 44 ജർമനിയിൽ നാസി സ്വേഛാധിപത്യത്തെ പുനഃസ്ഥാപിക്കാൻ ലക്ഷ്യം വെക്കുന്നു എന്നാണ് ജർമൻ സുരക്ഷാ വിഭാഗം വ്യക്തമാക്കുന്നത്. ഇവരുടെ പേരിലെ 4 സൂചിപ്പിക്കുന്നത് അക്ഷരായലയിലെ ‘ഡി’യാണെന്നും, അത് നാസി ക്രിമിനലും കമാൻഡറുമായിരുന്നു ഡിവിഷൻ ഡിർലെവാങ്കറിന്റെ നാമത്തിന്റെ ചുരുക്കമാണെന്നുമാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ ആരോപണം.
2016ലാണ് വോൾഫ് ബ്രിഗേഡ് 44 രൂപം കൊള്ളുന്നത്. ഇവർ അന്യായമായി ആയുധങ്ങൾ കൈവശം വെക്കുന്നതും തീവ്ര വലതുപക്ഷ പ്രതിഷേധങ്ങളുടെ ഭാഗമാകുന്നതും ജർമനിയിൽ സ്ഥിരമായിരുന്നു. ഈ വർഷം തുടക്കത്തിൽ, കോംബാറ്റ് 18 , നോർഡാഡ്ലെർ എന്നിങ്ങനെ രണ്ട് തീവ്ര വലതുപക്ഷ സംഘങ്ങളെക്കൂടി ജർമനി നിരോധിച്ചിരുന്നു.