International

ആഗോള വിപണിയിൽ എണ്ണവില വീണ്ടും ഉയർന്നു

ആഗോള വിപണിയിൽ എണ്ണവില വീണ്ടും ഉയർന്നു. അസംസ്കൃത എണ്ണ വീപ്പക്ക് മൂന്ന് ഡോളറാണ് ഒറ്റ ദിവസം കൊണ്ട് വർധിച്ചത്. അതിനിടെ, ഉൽപാദനവുമായി ബന്ധപ്പെട്ട് ഏപ്രിൽ വരെ തൽസ്ഥിതി തുടരാൻ ഒപക് മന്ത്രിതല യോഗം തീരുമാനിച്ചു.

ഉൽപാദനം വെട്ടിക്കുറച്ച നടപടി ഒപെക്, ഒപെക് ഇതര രാജ്യങ്ങൾ പുനഃപരിശോധിച്ചേക്കുമെന്ന റിപ്പോർട്ടുകളെ തുടർന്ന് കഴിഞ്ഞ ദിവസം എണ്ണവിലയിൽ നേരിയ കുറവ് വന്നിരുന്നു. എന്നാൽ ഓൺലൈൻ മുഖേന ചേർന്ന ഒപെക് എണ്ണമന്ത്രിമാരുടെ യോഗമാണ് ഏപ്രിൽ വരെ തൽസ്ഥിതി തുടരാനുള്ള തീരുമാനം കൈക്കൊണ്ടത്. മാർച്ച് മാസം വരെ പ്രതിദിന എണ്ണ ഉൽപാദത്തിൽ ഗണ്യമായ കുറവ് വരുത്താനായിരുന്നു കഴിഞ്ഞ വർഷം ഒപെക് കൈക്കൊണ്ട തീരുമാനം.

ഉൽപാദനം ഉയർത്തുന്നതു സംബന്ധിച്ച അനിശ്ചിതത്വം എണ്ണവിപണിയിലും കാര്യമായി പ്രതിഫലിച്ചു. അസംസ്കൃത എണ്ണവിലയിൽ മൂന്ന് ഡോളറിന്‍റെ വർധനയാണ് പുതുതായി രേഖപ്പെടുത്തിയത്. ഉൽപാദനത്തിൽ മാറ്റം വരുത്തുന്നതു സംബന്ധിച്ച് പ്രധാന എണ്ണ ഉൽപാദക രാജ്യമായ സൗദി അറേബ്യയുടെ തീരുമാനം നിർണായകമായിരിക്കും.