മ്യാന്മറിലെ ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്താൻ പട്ടാള ഭരണകൂടം ഒരുങ്ങുന്നതായി സൂചന. മ്യാൻമറിലെ നിരവധി നഗരങ്ങളിൽ ആയുധ സന്നാഹങ്ങൾ സജ്ജമാക്കി. സൈന്യം ജനങ്ങൾക്ക് നേരെ യുദ്ധം പ്രഖ്യാപിച്ചുവെന്ന് യു.എൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
ആങ് സാൻ സൂചി സർക്കാരിനെ അട്ടിമറിച്ച പട്ടാള ഭരണകൂടത്തിനെതിരെ മ്യാന്മറിലെ തെരുവുകളിലെങ്ങും കഴിഞ്ഞ കുറേ ദിവസങ്ങളായി വൻ ജനകീയ പ്രക്ഷോഭമാണ് നടക്കുന്നത്. സർക്കാർ ജീവനക്കാരും പൊലീസും വരെ പണിമുടക്കി തെരുവിലിറങ്ങിയിരുന്നു. ഇതുവരെ പൊതുവെ സംയമനം പാലിച്ചിരുന്ന പട്ടാളം ഇപ്പോൾ പ്രക്ഷോഭത്തെ ആയുധം ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്നതിന്‍റെ സൂചനകളാണ് പുറത്തുവരുന്നത്. മ്യാന്മറിലെ നഗരങ്ങളിലെല്ലാം കവചിത വാഹനങ്ങൾ നിലയുറപ്പിച്ചിരിക്കുന്നു. രാജ്യത്തെല്ലായിടത്തും ഇന്‍റര്‍നെറ്റ് വിലക്കി.
മാധ്യമ പ്രവർത്തകരെയടക്കം നിരവധി പേരെ അറസ്റ്റ് ചെയ്തു. പ്രക്ഷോഭം നീണ്ടുപോവുമെന്ന് വന്നപ്പോൾ പട്ടാള നേതാക്കൾ നിരാശരായെന്നും ജനങ്ങൾക്കുമേൽ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും മ്യാൻമറിലെ യു.എൻ പ്രത്യേക പ്രതിനിധി ടോം ആൻഡ്രൂസ് പറഞ്ഞു. പടിഞ്ഞാറൻ രാജ്യങ്ങളും പട്ടാളത്തിനെതിരെ ശക്തമായി രംഗത്തുവന്നിട്ടുണ്ട്. ജനകീയ പ്രതിഷേധങ്ങൾക്കെതിരായ നടപടിയിൽ നിന്ന് വിട്ടുനിൽക്കണമെന്ന് യൂറോപ്യൻ യൂണിയനും യു.എസും യു.കെയും ഒപ്പിട്ട പ്രസ്താവനയിൽ ആവശ്യപ്പെട്ടു.