International

രണ്ടാമതും കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ലോകത്തില്‍ ആദ്യ മരണം: മരിച്ചത് 89കാരി

കോവിഡ് പോസിറ്റീവായി മാറിയവരില്‍ അപൂര്‍മായി വീണ്ടും വൈറസ് ബാധിച്ചിട്ടുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ അങ്ങനെ രണ്ടാമതും കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ലോകത്തിലെ ആദ്യ മരണവും സംഭവിച്ചിരിക്കുകയാണ്. നെതര്‍ലാന്‍റ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പബ്ലിക് ഹെല്‍ത്തിലെ ഡോക്ടര്‍മാരാണ് ഈ വിവരം അറിയിച്ചത്. ഇവിടെ ചികിത്സയിലായിരുന്ന 89 കാരിയായ ഡച്ച് വയോധികയുടെ മരണം, രണ്ടാം തവണ വന്ന കോവിഡ് ബാധയെ തുടര്‍ന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചത്.

അപൂര്‍വമായ ബോണ്‍ മാരോ ക്യാന്‍സറിന് ചികിത്സയിലായിരുന്നു ഇവര്‍. ആദ്യതവണ കോവിഡ് സ്ഥിരീകരിച്ച് രോഗമുക്തി നേടിയതിനാല്‍ കീമോതെറാപ്പി ചെയ്യാനാരംഭിച്ചിരുന്നു.

എന്നാല്‍ കീമോ തുടങ്ങി രണ്ടാം ദിവസം വീണ്ടും ഇവര്‍ കോവിഡ് ലക്ഷണങ്ങള്‍ കാണിച്ചു. അപ്പോഴേക്കും ആദ്യ തവണ കോവിഡ് വന്ന് നെഗറ്റീവ് ആയിട്ട് രണ്ടുമാസം കഴിഞ്ഞിരുന്നു. ചുമയും ശ്വാസതടസ്സവും പനിയും ഉള്‍പ്പെടെ ലക്ഷണങ്ങള്‍ ഗുരുതരമായപ്പോള്‍ കോവിഡ് പരിശോധന വീണ്ടും നടത്തി. ഈ പരിശോധനയിലാണ് രണ്ടാമതും കോവിഡ് ബാധ സ്ഥിരീകരിച്ചത്. രണ്ടാഴ്ചയോളം ചികിത്സ തുടര്‍ന്നെങ്കിലും മരണപ്പെട്ടു.

ഇന്ത്യയില്‍ മൂന്ന് പേര്‍ക്കാണ് രണ്ടാമതും കോവിഡ് സ്ഥിരീകരിച്ചത്. ലോകത്താകമാനം രണ്ടാമതും കോവിഡ് സ്ഥിരീകരിച്ച 23 കേസുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആദ്യത്തെ തവണ വരുന്നതിലും അപകടമാണ് രണ്ടാംതവണയും കോവിഡ് ബാധിക്കുന്നവരുടെ അവസ്ഥയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.