അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബൈഡന്റെ വിജയം ഇനിയും അംഗീകരിക്കാതെ ഡോണാള്‍ഡ് ട്രംപ്. ബാലറ്റുകള്‍ സ്കാന്‍ ചെയ്ത് വോട്ടെണ്ണുന്ന സോഫ്റ്റ് വെയറില്‍ കൃത്രിമം നടത്തിയെന്നാണ് ട്രംപിന്റെ പുതിയ ആരോപണം. എന്നാല്‍ ട്രംപിന്റെ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തള്ളി
തപാല്‍ വോട്ടുകളില്‍ കൃത്രിമം നടന്നെന്ന ആരോപണത്തിന് ശേഷം പുതിയ വാദവുമായെത്തുകയാണ് ഡൊണാള്‍ഡ് ട്രംപ്. 28 സംസ്ഥാനങ്ങളില്‍ ബാലറ്റുകള്‍ സ്കാന്‍ ചെയത് വോട്ടെണ്ണുന്നതിന് ഉപയോഗിച്ചത് ഡൊമിനിയന്‍ കമ്പനിയുടെ സോഫ്റ്റ് വെയറായിരുന്നു. ഡൊമിനിയന്‍ കമ്പനി ട്രംപിന് ലഭിച്ച 941000 വോട്ടുകള്‍ നീക്കം ചെയ്തെന്നും പെന്‍സില്‍ വാനിയയില്‍ 221000 ട്രംപിന് ലഭിക്കേണ്ടിയിരുന്ന വോട്ടുകള്‍ ബൈഡന് അനുകൂലമാക്കിയെന്നുമാണ് ആരോപണം. എന്നാല്‍ ട്രംപിന്റെ വാദം തെളിവില്ലാത്തതും അടിസ്ഥാനരഹിതവുമാണെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥരും അട്ടിമറി ആരോപണത്തെ തള്ളിയിട്ടുണ്ട്.
തപാല്‍ വോട്ടുകളില്‍ കൃത്രിമം നടന്നെന്ന ആരോപണം നേരത്തെ തന്ന ട്രംപ് ഉന്നയിച്ചിരുന്നു. ജോര്‍ജിയയിലും അരിസോണയിലും അട്ടിമറിയുണ്ടായെന്ന ആരോപണവുമായി ട്രംപ് ഇതിനോടകം കോടതിയെ സമീപിച്ചിട്ടുണ്ട്. ബൈഡന്റെ വിജയം ഒരു തരത്തിലും അംഗീകരിക്കാത്ത ട്രംപ് പെന്റഗണില്‍ ഉള്‍പ്പെടെ വിശ്വസ്തരെ നിയോഗിച്ച് കൊണ്ടിരിക്കുകയാണ്. ജനുവരി 20 വരെയാണ് ട്രംപിന്റെ പ്രസിഡന്റ് കാലാവധി.
ബൈഡന് നിയുക്ത പ്രസിഡന്റ് എന്ന രീതിയിലുള്ള പൂര്‍ണ സുരക്ഷ നല്‍കിയിട്ടില്ല. അതേസമയം പ്രസിഡന്റാകാനുള്ള ഒരുക്കവുമായി ബൈഡന് മുന്നോട്ട് പോകുകയാണ്. കോവിഡ് നേരിടാനുള്ള വിദഗ്ധ സമിതിയെ നിയോഗിച്ചതിന് പിന്നാലെ പ്രമുഖ പദവിയിലേക്കുള്ളവരുടെ പ്രാഥമിക പട്ടികയും തയ്യാറാക്കി.. ജനുവരി 21 നാണ് പുതിയ പ്രസിഡന്റ് ചുമതലയേല്‍ക്കേണ്ടത്.