International

അര മണിക്കൂർ കൊണ്ട് കോവിഡ് സ്ഥിരീകരിക്കാം; കണ്ടുപിടുത്തവുമായി ദക്ഷിണ കൊറിയ

കോവിഡ് അടക്കമുള്ള എല്ലാ പകർച്ച വ്യാധികളെയും അര മണിക്കൂർ കൊണ്ട് തിരിച്ചറിയാൻ കഴിയുന്ന കണ്ടുപിടുത്തവുമായി ദക്ഷിണ കൊറിയ. നിലവിലെ പി.സി.ആർ ടെസ്റ്റിനോട് ചേർന്നു നിൽക്കുന്നതാണ് ദക്ഷിണ കൊറിയയുടെ പുതിയ കണ്ടുപിടുത്തം. പോഹങ് ശാസ്ത്ര–സാങ്കേതിക സർവകലാശാലയിലെ ഗവേഷകരാണ് എസ്.ഇ.എൻ.എസ്.ആർ എന്ന് പേരിട്ടിരിക്കുന്ന ടെക്നോളജിക്ക് പിന്നിൽ.

കോവിഡ് 19നു പുറമേ പുതുതായി രൂപപ്പെടുന്ന വൈറസ് രോഗങ്ങളെയൊക്കെ വളരെ വേഗം കണ്ടെത്താൻ സാധിക്കുമെന്നതാണ് പുതിയ കണ്ടുപിടുത്തത്തിന്റെ പ്രത്യേകത എന്ന് നേച്ചർ ബയോമെഡിക്കൽ എൻജിനീയറിങ് പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.

നിലവിൽ കോവിഡ് വൈറസ് ബാധ കണ്ടെത്തുന്നതിന് ഫലപ്രദമായി ഉപയോഗിക്കുന്ന പി.സി.ആർ ടെസ്റ്റിൽ വൈറസിനെ വേർതിരിച്ചെടുക്കുന്നതിന് സങ്കീർണമായ പ്രക്രിയ ആവശ്യമാണ്. സമയം എടുക്കുമെന്നതും ഉപകരണങ്ങളുടെ വിലക്കൂടുതലും പി.സി.ആർ ടെസ്റ്റിന്റെ പ്രതികൂല ഘടകങ്ങളാണ് പുതിയ കണ്ടുപിടുത്തത്തിലൂടെ ഇതിനെല്ലാം പരിഹാരമുണ്ടാകും എന്നാണ് ശാസ്ത്രലോകത്തിന്റെ വിശ്വാസം.

കോവിഡ് 19 പുറമേ പുതിയ മഹാമാരികൾ ഉണ്ടാകുമ്പോളും രോഗനിർണയത്തിനായുള്ള കിറ്റ് ഒരാഴ്ചയ്ക്കുളളിൽ വികസിപ്പിച്ചെടുക്കാനാവുമെന്നതും എസ്.ഇ.എൻ.എസ്.ആർ സാങ്കേതിക വിദ്യയുടെ നേട്ടമാണ്.