International

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷത്തിലേക്ക്

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷത്തിലേക്ക്. മരണം മൂന്ന് ലക്ഷത്തി ഇരുപത്തിനാലായിരം കടന്നു. റഷ്യയില്‍ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിനടുത്തെത്തി.

ലോകത്ത് നാല്‍പത്തിയൊന്‍പത് ലക്ഷത്തി എഴുപത്തി ഒന്നായിരത്തിലേറെ പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ മരിച്ചത് മൂന്ന് ലക്ഷത്തി ഇരുപത്തിനാലായിരത്തി ഇരുനൂറിലേറെ പേര്‍. പത്തൊന്‍പതര ലക്ഷത്തിലേറെ പേര്‍ക്ക് ഇതുവരെ കോവിഡ് ഭേദമായി.

അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം പതിനഞ്ചര ലക്ഷം കടന്നു. മരണം 93350 കടന്നു. ഇന്നലെ മാത്രം മരിച്ചത് 1385 പേര്‍. റഷ്യയില്‍ രോഗവ്യാപന തോത് ഉയരുകയാണ്. രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിനടുത്തെത്തി. കഴിഞ്ഞ 20 ദിവസത്തിനിടെ ഉണ്ടായത് രണ്ട് ലക്ഷം രോഗികളാണ്. എന്നാല്‍ രാജ്യത്ത് മരണ നിരക്കില്‍ കുറവുണ്ട് എന്നത് ആശ്വാസകരമാണ്. ഇതുവരെ 2837 പേരാണ് റഷ്യയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. യുകെയിലും ബ്രസീലിലും സ്ഥിതി സങ്കീര്‍ണമായി തന്നെ തുടരുകയാണ്. യുകെയില്‍ മരണം 35000 കടന്നു. ഇന്നലെ മാത്രം മരിച്ചത് 545 പേരാണ്. ബ്രസീലില്‍ രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തി അറുപത്തി അയ്യായിരം കടന്നു. മരണം 18000ന് അടുത്തെത്തി. ഇന്നലെ മാത്രം 987 പേരാണ് രാജ്യത്ത് മരിച്ചത്.

കോവിഡ് പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ സാമ്പത്തിക സഹായം വേണമെന്ന് വിവിധ ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടു. അതേസമയം കോവിഡ് വൈറസിനെ പിടിച്ചുകെട്ടാന്‍ മരുന്ന് വികസിപ്പിച്ചെന്ന അവകാശവാദവുമായി ചൈനീസ് ലബോറട്ടറി രംഗത്തെത്തി. മൃഗങ്ങളില്‍ നടത്തിയ മരുന്ന് പരീക്ഷണം വിജയകരമായിരുന്നുവെന്ന് പീക്കിങ് സര്‍വകലാശാല അവകാശപ്പെട്ടു. കോവിഡ് പ്രതിരോധത്തിന് 50000 കോടി യൂറോ സഹായ വാഗ്ദാനവുമായി ഫ്രാന്‍സും ജര്‍മനിയും രംഗത്തെത്തി. ഈ തുക യൂറോപ്യന്‍ യൂണിയന് കൈമാറും.