International

കോവിഡ് സാഹചര്യത്തിലെ ഇളവുകള്‍ നീട്ടി നല്‍കാന്‍ സൗദി അറേബ്യയുടെ തീരുമാനം

സല്‍മാന്‍ രാജാവിന്‍റെ ഉത്തരവിലാണ് ഇളവുകള്‍ നീട്ടാനുള്ള തീരുമാനം പറയുന്നത്

കോവിഡ് കാരണമായുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച ഏതാനും ഇളവുകൾ തുടരാൻ തീരുമാനിച്ചു. മാർച്ച് മുതൽ പ്രഖ്യാപിച്ച ഇളവുകൾ മൂന്ന് മാസം പിന്നിട്ട സാഹചര്യത്തിൽ സൗദി ഉന്നത സഭയാണ് ഇളവ് തുടരാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. സ്വകാര്യ മേഖലയിലെയും രാജ്യത്തെ നിക്ഷേപകരെയും കൊറോണ കരണമായുള്ള സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കുക എന്നതാണ് ഇളവ് നീട്ടുന്നതിന്റെ ലക്ഷ്യം.

സ്വകാര്യ മേഖലയിലെ സ്വദേശി ജോലിക്കാർക്ക് ‘സാനിദ്’ സംവിധാനം ലഭിക്കുന്ന ഇളവ്, റിക്രൂട്ടിങ്ങിലുള്ള പിഴ ഒഴിവാക്കൽ, സ്വകാര്യ സ്ഥാപങ്ങളുടെ അവസ്ഥ മെച്ചപ്പെടുത്തതിനാലുള്ള സേവനം നിർത്തി വെക്കുന്നത് ഒഴിവാക്കൽ, വേതന സുരക്ഷാ നിയമം പാലിക്കാത്തതിലുള്ള നടപടി ഒഴിവാക്കൽ, കസ്റ്റംസ് തീരുവ ഒരു മാസത്തേക്ക് നീട്ടി നൽകൽ, മൂല്യ വർധിത നികുതി അടയ്ക്കുന്നതിന് സാവകാശം അനുവദിക്കൽ, ഇഖാമ തീർന്നവരുടെ ഒരു മാസത്തെ ലവിയിൽ അനിവാര്യമെങ്കിൽ ഇളവ് അനുവദിക്കാൽ എന്നിവ നീട്ടി നൽകിയ ആനുകൂല്യത്തിൽ ഉൾപെടും. ഇതു സംബന്ധിച്ച വിശദാംശങ്ങളും നടപടിക്രമങ്ങളും ഉടന്‍ അതത് വകുപ്പുകള്‍ക്ക് കൈമാറും. ഇതില്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങളുണ്ടാകും.

കോവിഡ് പ്രതിസന്ധി ആരംഭിച്ച സാഹചര്യത്തിൽ 142 ഇനങ്ങളിലായി 214 ബില്യൻ റിയാലിന്റെ ഇളവാണ് സൗദി സർക്കാർ രാജ്യത്തെ സ്വകാര്യ മേഖലക്ക് ആശ്വാസമായി പ്രഖ്യാപിച്ചിരുന്നത്. ഇതിൽ ഏതാനും ഇളവുകളാണ് മൂന്ന് മാസത്തിന് ശേഷവും തുടരാൻ ഉന്നത സഭ തീരുമാനിച്ചത്.