International

ഞാന്‍ കൊല്ലപ്പെട്ടേക്കാം, വ്യക്തിയല്ല സത്യമാണ്​ പ്രധാനം: വൈറസിന് പിന്നില്‍ ചൈനയെന്ന് ആവര്‍ത്തിച്ച്​ ഡോ. ലി മെങ്​ യാൻ

ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് എന്ന മഹാമാരി ലോകമെങ്ങും ഭീതി പടര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നത്. ചൈനയിലെ മാര്‍ക്കറ്റാണ് ഈ വൈറസിന്‍റെ പ്രഭവ കേന്ദ്രം എന്നാണ് അന്നും ഇന്നും ചൈന ഔദ്യോഗികമായി പറയുന്നത്.

പക്ഷേ, കൊറോണ വൈറസ്​ ചൈനയിലെ ലാബിൽ സൃഷ്​ടിച്ചതാണെന്ന വാദം വീണ്ടും ആവർത്തിച്ചിരിക്കുകയാണ്​ ചൈനീസ്​ വൈറോളജിസ്​റ്റ്​ ഡോ. ലി മെങ്​ യാൻ. ‘ദി വീക്ക്​’ ന്​ നൽകിയ അഭിമുഖത്തിലാണ്​ ലി മെങ്​ യാൻ തന്‍റെ വാദം ആവർത്തിക്കുന്നത്. ഹോങ്കോങ്ങില്‍ നിന്നും രക്ഷപ്പെട്ട് ഇപ്പോള്‍ ന്യൂയോര്‍ക്കിലാണ് ഡോ. ലി മെങ്​ യാനുള്ളത്. ന്യൂയോര്‍ക്കിലിരുന്നാണ് അവര്‍ ദി വീക്കിന് അഭിമുഖം നല്‍കിയിരിക്കുന്നത്.

ഡിസംബറില്‍ വുഹാനിൽനിന്ന് റിപ്പോർട്ട്​ ചെയ്യപ്പെട്ട പുതിയ തരം ന്യൂമോണിയയെ കുറിച്ച്​ പഠിക്കുന്നതിനുള്ള സംഘത്തിൽ ലി മെങ്​ യാനും ഉണ്ടായിരുന്നു. സംഘത്തിന്‍റെ പഠനത്തിൽ ചൈനയിലിത്തരം 40ഓളം കേസുകൾ ഉണ്ടെന്ന്​ മനസിലായി. എന്നാല്‍, ചൈനീസ് സര്‍ക്കാര്‍ ഈ വിവരം പുറത്ത് വരാതിരിക്കാനാണ് ശ്രമിച്ചത്. അതിന് വേണ്ടിയാണ് മത്സ്യ മാര്‍ക്കറ്റില്‍ നിന്നാണ് വൈറസ് പ്രചരിച്ചതെന്ന് കള്ളം പറഞ്ഞതെന്നും അവര്‍ വ്യക്തമാക്കി.

ഞാന്‍ കൊല്ലപ്പെട്ടേക്കാം, വ്യക്തിയല്ല സത്യമാണ്​ പ്രധാനം: വൈറസിന് പിന്നില്‍ ചൈനയെന്ന് ആവര്‍ത്തിച്ച്​ ഡോ. ലി മെങ്​ യാൻ

ജീവനില്‍ ഭയം ഉണ്ടായിരുന്നത് കൊണ്ടാണ് ഹോങ്കോങിലെ സര്‍വകലാശാല അധികൃതരെയോ ചൈനീസ് സര്‍ക്കാരിനെയോ തന്‍റെ കണ്ടെത്തലുകള്‍ അറിയിക്കാതിരുന്നത്. കൊറോണ വൈറസിനെ കുറിച്ചുള്ള പഠനങ്ങളെയെല്ലാം ചൈന തടസ്സപ്പെടുത്തുകയാണ്. കൊ​റോണ വൈറസ്​ മനുഷ്യ നിർമിതമാണെന്ന്​ ജനുവരി 19ന്​ യൂട്യൂബ്​ ചാനൽ വഴി താൻ പറഞ്ഞിരുന്നു. എന്നാൽ ചൈനീസ്​ സർക്കാറും ലോകാരോഗ്യ സംഘടനയും ശാസ്​ത്രസമൂഹം പോലും അത് തള്ളിക്കളയാനാണ്​ ശ്രമിച്ചത്. എങ്കിലും ഇപ്പോള്‍ തന്‍റെ കണ്ടെത്തല്‍ അംഗീകരിക്കാന്‍ അമേരിക്കയും ചില പ്രമുഖ ശാസ്ത്രജ്ഞരും തയ്യാറായിട്ടുണ്ടെന്നും ലി മെങ്​ യാന്‍ കൂട്ടിച്ചേര്‍ത്തു.

​ലോകാരോഗ്യ സംഘടനയും സത്യം മറച്ചുപിടിക്കുകയാണ്. ലോകാരോഗ്യ സംഘടന ഡയറക്​ടർ ഡോ. ​ടെഡ്രോസ്​ അദാനത്തിനും ഹോ​ങ്കോങ്​ സർവകലാശാലയിലെ വൈറോളജിസ്​റ്റ്​ മാലിക്​ പെയ്​റിസിനും ഇക്കാര്യങ്ങള്‍ അറിയാം. എന്നാല്‍, ചൈനീസ്​ സർക്കാറിനോടുള്ള അടുപ്പം കാരണം അവർ അത്​ മൂടിവെക്കുകയായിരുന്നെന്നും ലി മെങ്​ യാൻ ആരോപിച്ചു.

എന്തു വന്നാലും തന്‍റെ കണ്ടെത്തലുകള്‍ തിരുത്താൻ തയാറല്ലെന്നാണ് ലി മെങ്​ യാൻ പറയുന്നത്. കുടുംബാംഗങ്ങൾ ചൈനയിലാണ്. അവരെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നിരീക്ഷിക്കാൻ തുടങ്ങിയതോടെ കുടുംബവുമായുള്ള ബന്ധം അവസാനിപ്പിച്ചിരിക്കയാണ്. താന്‍ എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാമെന്നും ‘ഞാന്‍ എന്ന വ്യക്തി അല്ല, സത്യം ആണ് പ്രധാനം’ എന്നും ലി മെങ് പറഞ്ഞു. എന്തുവന്നാലും തന്‍റെ കണ്ടെത്തൽ തിരുത്താൻ തയാറല്ലെന്നും യാൻ വ്യക്തമാക്കി.

അഭിമുഖത്തിന്‍റെ വിശദാംശങ്ങൾ ഈ ലക്കം ദ് വീക്ക് വാരികയിൽ..