International

കോവിഡ്; 2021ഓടെ 150 ദശലക്ഷം ആളുകള്‍ കടുത്ത പട്ടിണിയിലായേക്കാമെന്ന് ലോകബാങ്ക്

കോവിഡ് 19ന്റെ പിടിയില്‍ നിന്നും ഇതുവരെ ലോകം മുക്തമായിട്ടില്ല. രോഗം മാറിയിട്ടില്ലെന്ന് മാത്രമല്ല അനുനിമിഷം രോഗവ്യാപനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സമ്പന്ന രാജ്യങ്ങളുടെ പോലും സമ്പദ് വ്യവസ്ഥ തകിടം മറിഞ്ഞു. ദരിദ്രരാജ്യങ്ങള്‍ ആടിയുലഞ്ഞുകൊണ്ടിരിക്കുന്നു. കോവിഡ് തീര്‍ക്കുന്ന പ്രതിസന്ധി ഇന്നോ നാളെയോ കൊണ്ട് മാറുന്നതല്ലെന്ന് വിദഗ്ദ്ധര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ലോകത്തെ മുഴുവന്‍ ആശങ്കയിലാഴ്ത്തുന്ന മറ്റൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ലോകബാങ്ക്. 2021ഓടെ ലോകത്തിലെ 150 ദശലക്ഷം ആളുകള്‍ കടുത്ത ദാരിദ്ര്യത്തിലേക്ക് വീഴുമെന്നാണ് ലോകബാങ്കിന്റെ വെളിപ്പെടുത്തല്‍.

അതുകൊണ്ട് തന്നെ മൂലധനം, തൊഴില്‍, കഴിവുകള്‍ എന്നിവ പരിഗണിച്ച് കോവിഡിന് ശേഷമുള്ള വ്യത്യസ്തമായ സമ്പദ് വ്യവസ്ഥക്ക് രാജ്യങ്ങള്‍ തയ്യാറാകേണ്ടിവരുമെന്നും പുതിയ ബിസിനസുകളിലേക്കും മേഖലകളിലേക്കും നീങ്ങാനുള്ള പുതിയൊരു സമീപനം വേണമെന്നും ലോക ബാങ്ക് മുന്നറിയിപ്പ് നല്‍കി. കോവിഡ് മഹാമാരി ഈ വർഷം 88 ദശലക്ഷം മുതൽ 115 ദശലക്ഷം ആളുകളെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് കണക്കാക്കപ്പെടുന്നു, 2021 ഓടെ ഇത് മൊത്തം 150 ദശലക്ഷമായി ഉയരുമെന്ന് വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ആഗോള വായ്പാ സംഘടന പറയുന്നു.

ഇത് 2017 ല്‍ ആഗോള തലത്തിലണ്ടായ സാമ്പത്തിക മാന്ദ്യത്തിന് തുല്യമായ 9.2 ശതമാനം വരുമെന്ന് അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. പകര്‍ച്ചവ്യാധി ലോകത്തെ ബാധിച്ചില്ലെങ്കില്‍ 2020 ല്‍ ദാരിദ്ര്യ നിരക്ക് 7.9 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ആഗോള മാന്ദ്യം ലോക ജനസംഖ്യയുടെ 1.4 ശതമാനത്തിലധികം പേരെ കടുത്ത ദാരിദ്ര്യത്തിലേക്ക് നയിച്ചേക്കാമെന്ന് ലോക ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ഡേവിഡ് മാൽപാസ് പറഞ്ഞു.