കൊവിഡ് ഡെൽറ്റ വകഭേദത്തിനെതിരെ കൊവിഡ് വാക്സിൻ ഫലപ്രദമെന്ന് അമേരിക്കയിലെ ഗവേഷണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്. ആൽഫ, ഡേറ്റ വേരിയൻ്റുകളിൽ കൊവാക്സിൻ ഫലപ്രദമാണെന്ന് എൻഐഎച്ച് നടത്തിയ പഠനങ്ങളിൽ പറയുന്നു.
രണ്ട് തരത്തിലുള്ള പഠനങ്ങളാണ് കൊവാക്സിനുമായി ബന്ധപ്പെട്ട് എൻഐഎച്ച് നടത്തിയത്. കൊവാക്സിൻ സ്വീകരിച്ചവരുടെ രക്തമെടുത്തായിരുന്നു പഠനം. വാക്സിൻ ഉത്പാദിപ്പിക്കുന്ന ആൻ്റിബോഡികൾ ആൽഫ, ഡേറ്റ വകഭേദങ്ങൾക്കെതിരെ ഫലപ്രദമാണെന്ന് ഈ പഠനങ്ങളിൽ തെളിഞ്ഞു. വാർത്താകുറിപ്പിലൂടെയാണ് എൻഐഎച്ച് പഠനവിവരം പുറത്തുവിട്ടത്.
അതേസമയം, രാജ്യത്ത് കൊവിഡ് കേസുകൾ കുറയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,951 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 817 പേർ ഇന്നലെ മരണപ്പെട്ടു. ഏപ്രിൽ 11നു ശേഷം രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ മരണക്കണക്കാണ് ഇത്. ഇതോടെ ആകെ മരണനിരക്ക് 3,98,454 ആയി.